യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ
1444039
Sunday, August 11, 2024 7:09 AM IST
കോട്ടയം: കോട്ടയം സിഎംഎസ് കോളജിന് സമീപം നടത്തിവന്നിരുന്ന ഫിനാൻസ് സ്ഥാപനത്തിൽ നിന്നും യുവാവിനെ കബളിപ്പിച്ച് 22 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
പയ്യന്നൂർ മറിയംവില്ലയിൽ മുഹമ്മദ് സഫാത്ഖാൻ (27), കോഴിക്കോട് എക്കാട്ടൂർ എടത്തുംചാലിൽ അമൽ സജീവ് (24) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. സഫാത്ഖാന് വിദേശത്തു പഠിക്കാൻ വിദേശ യൂണിവേഴ്സിറ്റിയിൽനിന്നും ഓഫർ ലെറ്റർ ലഭിച്ചിട്ടുണ്ടെന്നും ഇതിനായി 22 ലക്ഷത്തോളം രൂപ അക്കൗണ്ടിൽ കാണിക്കണമെന്നും പറഞ്ഞു വ്യാജ ഓഫർ ലെറ്റർ തയ്യാറാക്കി സ്ഥാപനമുടമയെ കാണിച്ച് പണം പിന്നീട് തിരികെ നൽകാമെന്ന വ്യവസ്ഥയിൽ 22 ലക്ഷത്തോളം രൂപ ഇരുവരും ചേർന്ന് തട്ടിയെടുക്കുകയായിരുന്നു.
തുടർന്ന് ഇവർ പണം ഡിവൈൻ ഗോൾഡ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചുനല്‍കി സ്വർണ കോയിൻ വാങ്ങിയെടുക്കുകയും ചെയ്തു. കാലാവധി കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതിരുന്നതിനെ തുടർന്ന് സ്ഥാപനമുടമ പോലീസിൽ പരാതി നൽകി.
പരാതിയെത്തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് ചീഫ് കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിൽ പണം ഇവരുടെ അക്കൗണ്ടിലെത്തിയതായി കണ്ടെത്തുകയും തുടർന്ന് നടത്തിയ തെരച്ചിലിൽ ഇരുവരെയും പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.