വാഗമൺറോഡിൽ ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം
1444037
Sunday, August 11, 2024 7:09 AM IST
ഈരാറ്റുപേട്ട: വാഗമൺ റോഡിൽ ബസും ജീപ്പും തമ്മിൽ കൂട്ടിയിടിച്ച് അപകടം. വാഗമണ്ണിലേക്ക് പോകുകയായിരുന്ന എംജി യൂണിവേഴ്സിറ്റിയുടെ ബസിലാണ് ജീപ്പ് ഇടിച്ചത്. ഇന്നലെ രാവിലെ പത്തരയോടെ തീക്കോയി-വാഗമൺ റോഡിൽ വെള്ളികുളം എട്ടാംമൈലിന് സമീപമായിരുന്നു അപകടം.
യൂണിവേഴ്സിറ്റി എൻവയോൺമെന്റൽ സയൻസ് വിഭാഗം വിദ്യാർഥികളായിരുന്നു ബസിലുണ്ടായിരുന്നത്. പഠന ഗവേഷണാർഥം വാഗമണ്ണിലേക്കു പോകുംവഴിയാണ് അപകടം. എതിരേ വന്ന ജീപ്പ് ബസിന് മുന്നിൽ ഇടിച്ചു കയറുകയായിരുന്നു. ഇല്ലിക്കൽക്കല്ലിലേക്കു പോകാനായി കട്ടപ്പനയിൽനിന്നെത്തിയ കോളജ് വിദ്യാർഥികളും അധ്യാപകനുമായിരുന്നു ജീപ്പിലുണ്ടായിരുന്നത്.
അപകടത്തിൽ ബസിലുണ്ടായിരുന്നവർക്ക് പരിക്കില്ല. ജീപ്പിലുണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റു. ഇവരെ ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ജീപ്പിന്റെ മുൻവശം തകർന്നു.