കൊലപാതകശ്രമം: യുവാവ് അറസ്റ്റിൽ
1444036
Sunday, August 11, 2024 7:09 AM IST
പള്ളിക്കത്തോട്: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുമളി കൊല്ലംപട്ടട പുത്തൻപുരയിൽ അനീഷ് വിശ്വൻ (40) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ജയിലിൽ റിമാന്‍ഡില്‍ കഴിഞ്ഞുവരവെ അവിടെ വച്ച് പരിചയപ്പെട്ടു സൗഹൃദത്തിലായ വെള്ളാവൂർ സ്വദേശിയായ യുവാവിനെ ഏഴാം തീയതി രാത്രി 9.30ഓടുകൂടി ഫോണിൽ വിളിച്ച് വീട്ടിലേക്കു വരുത്തുകയും, തുടർന്ന് വാക്കത്തി ഉപയോഗിച്ച് സുഹൃത്തിന്റെ തലയിൽ വെട്ടുകയുമായിരുന്നു. ആക്രമണത്തിൽ യുവാവിന്റെ കഴുത്തിനും തലയ്ക്കും സാരമായി പരിക്കേറ്റു.
സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മിൽ വ്യക്തിപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ ആക്രമിച്ചത്. ഇയാൾക്കെതിരേ പള്ളിക്കത്തോട് സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.