ഒടുവിൽ പരിഹാരം: ഏറ്റുമാനൂരിലെ മാലിന്യക്കൂമ്പാരം നീക്കി നഗരസഭ
1444033
Sunday, August 11, 2024 7:09 AM IST
ഏറ്റുമാനൂർ: നഗരസഭാ കാര്യാലയത്തിനു മുമ്പിൽ ചിറക്കുളത്തോടു ചേർന്ന് നഗരസഭ തന്നെ കൂട്ടിയിട്ടിരുന്ന മാലിന്യക്കൂമ്പാരം നീക്കം ചെയ്തു. കഴിഞ്ഞ ഒക്ടോബർ മുതൽ വിവിധ സംഘടനകളും വ്യാപാരികളും നാട്ടുകാരും ഉയർത്തിയ വിഷയത്തിന് നഗരസഭ പരിഹാരം കണ്ടത് ഇന്നലെയാണ്. കഴിഞ്ഞദിവസം ദീപിക മാലിന്യപ്രശ്നം വാർത്തയാക്കിയിരുന്നു.
മുമ്പ് മുനിസിപ്പൽ ബസ് സ്റ്റാൻഡിലേക്കുള്ള പ്രവേശന മാർഗമായിരുന്ന സ്ഥലമാണിത്. ഷോപ്പിംഗ് കോംപ്ലക്സ് നിർമിക്കുന്നതിനുവേണ്ടി ആറു വർഷം മുമ്പ് ഇവിടം കെട്ടിയടയ്ക്കുകയായിരുന്നു.
എന്നാൽ ഷോപ്പിംഗ് കോംപ്ലക്സ് പദ്ധതി നിശ്ചലാവസ്ഥയിലായതോടെ ഇവിടം കാടുകയറിയ നിലയിലായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഗാന്ധിജയന്തി ദിനത്തിൽ വിരമിച്ച പോലീസ് ഉദ്യോഗസ്ഥരുടെ സംഘടന ഇവിടെ കാടുവെട്ടിത്തെളിച്ച് വൃത്തിയാക്കിയപ്പോഴാണ് നഗരസഭയുടെ ഹരിതകർമ സേന ശേഖരിച്ച ഖരമാലിന്യങ്ങൾ ഇവിടെ തള്ളിയിരിക്കുന്നത് പുറംലോകം അറിഞ്ഞത്.
അന്നു മുതൽ വ്യാപാരി വ്യവസായി സംഘടനകളും ജനകീയ വികസന സമിതിയുമടക്കം വിവിധ സംഘടനകൾ മാലിന്യം ഇവിടെനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുവരികയായിരുന്നു. മാധ്യമങ്ങൾ മാലിന്യപ്രശ്നം നിരന്തരം വാർത്തയാക്കിയിരുന്നു.
ഷോപ്പിംഗ് കോംപ്ലക്സ് പദ്ധതി സ്തംഭനാവസ്ഥയിലായതോടെ ബസ് സ്റ്റാൻഡിലേക്കുള്ള പ്രവേശന മാർഗം പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമുയർന്നു. ഏതാനും ആഴ്ചകൾ മുമ്പ് ഇവിടം ഭാഗികമായി തുറന്നു നടന്നുപോകാവുന്ന രീതിയിൽ വഴിതെളിച്ചു കൊടുത്തു. പക്ഷേ മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നില്ല. ജൈവ മാലിന്യങ്ങൾ കൂടി ഇവിടെ തള്ളാനും തുടങ്ങി.
നഗരസഭ മാലിന്യങ്ങൾ നീക്കംചെയ്യാൻ തയ്യാറായത് വ്യാപാരികൾക്കും ജനങ്ങൾക്കും ആശ്വാസമായി. എന്നാൽ, ഓട്ടോറിക്ഷ ഉൾപ്പെടെ ചെറിയ വാഹനങ്ങൾക്കു മുനിസിപ്പൽ ബസ് സ്റ്റാൻഡിലേക്ക് കയറാവുന്ന രീതിയിൽ പ്രവേശനമാർഗം തുറന്നുകൊടുക്കുകകൂടി ചെയ്യണമെന്ന ഏറ്റുമാനൂർ ജനകീയ വികസന സമിതി ആവശ്യപ്പെട്ടു.