യാത്രാദുരിതത്തിന് പരിഹാരമില്ല; ട്രെയിൻ യാത്രക്കാർ സമരത്തിലേക്ക്
1444030
Sunday, August 11, 2024 7:09 AM IST
ഏറ്റുമാനൂർ: കൊല്ലം-കോട്ടയം-എറണാകുളം പാതയിലെ അതിരൂക്ഷമായ യാത്രാദുരിതത്തിന് പരിഹാരം കാണാൻ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് ട്രെയിൻ യാത്രക്കാർ പ്രത്യക്ഷ സമരത്തിലേക്ക്. നാളെ പാലരുവി എക്സ്പ്രസ് എറണാകുളം ടൗണിൽ പ്രവേശിക്കുമ്പോൾ യാത്രക്കാർ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചശേഷം കൂട്ട പരാതി നൽകും. യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസിന്റെ നേതൃത്വത്തിലാണ് സമരം.
തിരക്കുമൂലം ശ്വാസം കിട്ടാതെ യാത്രക്കാർ ട്രെയിനിൽ കുഴഞ്ഞുവീഴുന്നത് പതിവാകുകയാണെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് ഭാരവാഹികൾ പറഞ്ഞു. ഒറ്റക്കാലിലും തൂങ്ങിക്കിടന്നുമുള്ള യാത്ര നിമിത്തം യാത്രക്കാർക്കു കടുത്ത മാനസികസമ്മർദവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു.
കൊല്ലം മുതൽ കോട്ടയം വഴി എറണാകുളം ഭാഗത്തേക്കുള്ള യാത്രാക്ലേശം അനുദിനം രൂക്ഷമാകുകയാണ്. പാലരുവി എക്സ്പ്രസിലെ തിരക്കും മുളന്തുരുത്തിയിൽ വന്ദേഭാരത് കടന്നുപോകാൻ പിടിച്ചിടുന്നതും പരിഹാരമില്ലാതെ തുടരുന്നു. ബദൽ മാർഗമൊരുക്കാതെ വേണാട് എക്സ്പ്രസ് എറണാകുളം ജംഗ്ഷൻ ഒഴിവാക്കിയത് പാലരുവിയിൽ തിരക്ക് വർധിക്കാൻ കാരണമായി.
വേണാട് എക്സ്പ്രസിൽ വർഷങ്ങളായി സൗത്തിലെ ഓഫീസുകളിൽ സമയം പാലിച്ച് എത്തിയിരുന്നവർക്ക് ഇപ്പോൾ തൃപ്പൂണിത്തുറയിൽനിന്ന് മെട്രോ മാർഗം ടിക്കറ്റിനത്തിൽ പ്രതിമാസം ഭീമമായ സാമ്പത്തിക നഷ്ടം സഹിച്ചിട്ടും സമയത്ത് എത്തിച്ചേരാൻ സാധിക്കുന്നില്ല. സമയം പാലിക്കാൻ കഴിയാതെ പലർക്കും ജോലി ഉപേക്ഷിക്കേണ്ടിയതായും വന്നു. പാലരുവിക്കും വേണാടിനുമിടയിലെ ഒന്നരമണിക്കൂർ ഇടവേളയാണ് യാത്രാക്ലേശത്തിനു പ്രധാനകാരണം.
പാലരുവിക്കും വേണാടിനും ഇടയിൽ മെമു/പാസഞ്ചർ സർവീസ് അടിയന്തരമായി പരിഗണിക്കണമെന്നതാണ് യാത്രക്കാരുടെ പ്രധാന ആവശ്യം. പാലരുവിയിലെ കോച്ചുകൾ വർധിപ്പിക്കുക, വന്ദേഭാരതിനു വേണ്ടി പാലരുവി മുളന്തുരുത്തിയിൽ പിടിച്ചിടുന്നത് തൃപ്പൂണിത്തുറയിലേക്ക് മാറ്റുക എന്നീ ആവശ്യങ്ങൾകൂടി ഉയർത്തിയാണ് യാത്രക്കാർ പ്രതിഷേധത്തിനൊരുങ്ങുന്നത്.
പുനലൂർ - ചെങ്കോട്ട പാതയിൽ 18 കോച്ചുകൾക്ക് അനുമതി ലഭിച്ചെങ്കിലും പാലരുവിയിലെ യാത്രാക്ലേശം പരിഹരിക്കാൻ റെയിൽവേ താത്പര്യം കാണിക്കുന്നില്ല. പാലരുവി കടന്നുപോകുന്ന എല്ലാ ലോക്സഭാ മണ്ഡലങ്ങളിലെയും ജന പ്രതിനിധികളുടെ ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടാകണമെന്നും വർഷങ്ങളായുള്ള യാത്രാക്ലേശത്തിന് അടിയന്തര പരിഹാരം കാണണമെന്നും അസോസിയേഷൻ ഭാരവാഹികളായ ശ്രീജിത്ത്കുമാർ, ലിയോൺസ്, അജാസ് വടക്കേടം, ശശി എൻ. എ., രജനി സുനിൽ, ജീനാ, സിമി ജ്യോതി, കൃഷ്ണ മധു എന്നിവർ ആവശ്യപ്പെട്ടു.