ആളുകളെ ആക്രമിച്ച കുറുക്കൻ ചത്തു; പേവിഷബാധയെന്നു സംശയം
1443766
Sunday, August 11, 2024 2:06 AM IST
മുക്കൂട്ടുതറ: നാട്ടുകാരെ ഭീതിയിലാക്കി കുറുക്കന്റെ ആക്രമണം. ഒരു ആശാ പ്രവർത്തകയും വയോധികനും ഉൾപ്പെടെ രണ്ടു പേർക്ക് കടിയേറ്റ് പരിക്ക്. സംഘടിച്ച നാട്ടുകാർ കുറുക്കനെ പിന്തുടർന്ന് തല്ലിക്കൊന്നു. കുറുക്കന് പേവിഷബാധ ഉണ്ടായിരുന്നെന്ന് സംശയം.
ഇന്നലെ ചാത്തൻതറ ഇടത്തിക്കാവിലും മണ്ണടിശാല ഭാഗത്തുമാണ് കുറുക്കന്റെ ആക്രമണമുണ്ടായത്. ആശാ പ്രവർത്തക ചെരിവുകാലായിൽ ശാന്തമ്മ, പാറക്കുഴിയിൽ മണി എന്നിവരാണ് ആക്രമണത്തിനിരയായത്. ഇരുവരും റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി പ്രതിരോധ കുത്തിവയ്പെടുത്തു. ശാന്തമ്മയുടെ മുഖത്തും മൂക്കിനുമാണ് പരിക്ക്. മുഖത്തേക്ക് ചാടിവീണ് കുറുക്കൻ ആക്രമിച്ചതോടെ ശാന്തമ്മ നിലത്തു വീണു. കുറുക്കന്റെ ആക്രമണത്തെ നേരിട്ട മണി, കുറുക്കനെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിൽ കൈയിൽ കടിയേൽക്കുകയായിരുന്നു.
മുക്കൂട്ടുതറ റോഡിലേക്ക് കുറുക്കൻ ഓടിയെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഇതിനിടെ വിവരം പ്രചരിച്ചതോടെ ആളുകൾ പരിഭ്രാന്തിയിലാവുകയും സംഘടിച്ച് കുറുക്കനെ പിന്തുടർന്ന് കൊല്ലുകയുമായിരുന്നു. വനം, മൃഗ സംരക്ഷണ വകുപ്പുകൾ മേൽനടപടികൾ സ്വീകരിച്ചു.