ചിറ്റടിയിൽ ബസുകൾ നിർത്തുന്നില്ല; വിദ്യാർഥികൾ ദുരിതത്തിൽ
1443764
Sunday, August 11, 2024 2:06 AM IST
കാഞ്ഞിരപ്പള്ളി: ദേശീയപാതയിൽ ചിറ്റടിയിൽ ബസുകൾ നിർത്തുന്നില്ലെന്ന് പരാതി. പ്രതിഷേധവുമായി പ്രദേശവാസികൾ. രാവിലെ 7.30 മുതൽ 9.30 വരെയും വൈകുന്നേരവുമാണ് ചിറ്റടി സ്റ്റോപ്പിൽ ബസുകൾ നിർത്താതെ പോകുന്നത്. ഇത് ഏറെ ദുരിതത്തിലാക്കുന്നത് വിദ്യാർഥികളെയാണ്.
ബസിൽ വിദ്യാർഥികളെ കയറ്റാതിരിക്കാനാണ് ബസ് നിർത്താതെ പോകുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. വിദ്യാർഥികൾ ബസിൽ കയറിയാൽ ഇറക്കിവിടുന്നതായും പരാതിയുണ്ട്. വിദ്യാർഥികളെ കണ്ടാൽ സ്റ്റോപ്പിൽനിന്ന് മാറി അകലെ നിർത്തിയാണ് യാത്രക്കാരെ ഇറക്കുന്നത്. മണിക്കൂറോളം സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കേണ്ട സ്ഥിതിയിലാണ് വിദ്യാർഥികൾ. അകലെയുള്ള സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾ പല ദിവസങ്ങളിലും വൈകിയാണ് സ്കൂളുകളിലെത്തുന്നത്.
വരുംദിവസങ്ങളിൽ ബസുകൾ നിർത്താത്തപക്ഷം ബസുകൾ തടഞ്ഞ് പ്രതിഷേധിക്കുമെന്നും നാട്ടുകാർ പറഞ്ഞു.