കോരുത്തോട് സർവീസ് സഹകരണബാങ്ക് : ഭരണസമിതി പരാജയമെന്ന്
1443763
Sunday, August 11, 2024 2:06 AM IST
മുണ്ടക്കയം: കോരുത്തോട് സഹകരണബാങ്കിന്റെ നിലവിലുള്ള ഭരണസമിതി തികഞ്ഞ പരാജയമാണെന്ന് ഐക്യ ജനാധിപത്യ മുന്നണി നേതാക്കൾ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി. മുന്പ് കോരുത്തോട് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ കർഷകർക്കായി നടത്തിവന്നിരുന്ന പദ്ധതികളെല്ലാം നിർത്തലാക്കി.
സാധാരണക്കാരായ കർഷകർ അധിവസിക്കുന്ന മേഖലയിലെ ജനങ്ങൾക്ക് സുരക്ഷിതമായി ബാങ്കിൽ പണം നിക്ഷേപിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. പാർട്ടി അംഗങ്ങൾക്കു മാത്രം അംഗത്വം കൊടുക്കുന്ന രീതിയാണ് പിന്തുടരുന്നത്. നിലവിൽ ചിട്ടി നടത്തി മാത്രമാണ് ബാങ്കിന്റെ പ്രവർത്തനം മുന്പോട്ടു പോകുന്നതെന്നും ബാങ്കിനെ തകർച്ചയിൽനിന്നു കരകയറ്റാൻ തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കണമെന്നും പത്രസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ സി.എ. തോമസ് പറഞ്ഞു.
കെ.കെ. തങ്കച്ചൻ അമ്പാട്ടുവയലിൽ, തോമസ് ചാക്കോ ചെത്തിമറ്റത്തിൽ, ഷാന്റി പൂവക്കുളം, കെ.ഐ. നജീബ് കാട്ടുപ്ലാക്കൽ, സിനി തോമസ് കോയിക്കൽ, സന്ധ്യാ വിനോദ് തൈപ്പറമ്പിൽ, റെനിമോൾ ജോസഫ് കുറ്റിക്കാട്ട്, എൽബി ചാക്കോ വട്ടക്കുന്നേൽ, കെ.ടി. സ്കറിയ കടുപ്പിൽ എന്നിവരാണ് ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾ.
ആരോപണം അടിസ്ഥാനരഹിതമെന്ന്
മുണ്ടക്കയം: കോരുത്തോട് സർവീസ് സഹകരണ ബാങ്കിനെതിരായ യുഡിഎഫ് ആരോപണം അടിസ്ഥാനരഹിതമെന്ന് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കുര്യൻ ജോസഫ്, വൈസ് പ്രസിഡന്റ് എം.ആർ. ഷാജി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
52 വർഷങ്ങൾക്ക് മുന്പ് 250 അംഗങ്ങളുമായി ആരംഭിച്ച കോരുത്തോട് സർവീസ് സഹകരണബാങ്ക് ഇന്ന് 13,000ൽപരം അംഗങ്ങളും 20 കോടി രൂപ നിക്ഷേപവും 16 കോടിയിലധികം വായ്പയും മൂന്ന് ബ്രാഞ്ചുകളുമുള്ള സഹകരണ പ്രസ്ഥാനമായി മാറി. അംഗങ്ങൾക്ക് 3,00,000 രൂപ വരെ കാർഷിക വായ്പയും വസ്തു ഇടിൻമേൽ അഞ്ചു ലക്ഷം രൂപ വരെയും കൂടാതെ മറ്റ് വായ്പയും നൽകി വരുന്നു. ഈ ഭരണസമിതിയുടെ കാലയളവിൽ കോരുത്തോട് ടൗണിൽ സ്വന്തമായുള്ള സ്ഥലത്ത് ബ്രാഞ്ച് ഓഫീസ് നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്.
സഹകരണ നിയമത്തിലെ ചട്ടത്തിനനുസരിച്ചാണ് നിയമനങ്ങൾ നടത്തിയിട്ടുള്ളത്. ഭരണസമിതിക്കെതിരായോ നിലവിലുള്ള ജീവനക്കാർക്ക് എതിരായോ യാതൊരുവിധ അഴിമതി ആരോപണങ്ങളോ സാമ്പത്തിക ക്രമക്കേടോ ഇല്ലാതെയാണ് ബാങ്ക് മുന്നോട്ടുപോകുന്നതെന്നും എൽഡിഎഫ് നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.