മാര്‍ സ്ലീവാ മെഡിസിറ്റി അസംപ്ഷന്‍ മെഡിക്കല്‍ സെന്റര്‍ മേലുകാവുമറ്റത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നു
1443761
Sunday, August 11, 2024 2:05 AM IST
മേലുകാവുമറ്റം: പാലാ മാര്‍ സ്ലീവാ മെഡിസിറ്റി അസംപ്ഷന്‍ മെഡിക്കല്‍ സെന്റര്‍ മേലുകാവുമറ്റത്ത് 13നു പ്രവര്‍ത്തനം ആരംഭിക്കും. മാര്‍ സ്ലീവാ മെഡിസിറ്റിയും മേലുകാവുമറ്റം സെന്റ് തോമസ് ഇടവകയും സഹകരിച്ച് ആരംഭിക്കുന്ന മെഡിക്കല്‍ സെന്ററിന്റെ ആശീര്‍വാദം 13ന് ഉച്ചകഴിഞ്ഞ് മൂന്നിന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും ഉദ്ഘാടനം സിഎസ്ഐ ഈസ്റ്റ് കേരള ബിഷപ് റവ. വി.എസ്. ഫ്രാന്‍സിസും നിര്‍വഹിക്കും.
ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ജനങ്ങളുടെ ആരോഗ്യപുരോഗതിക്കു സഹായഹസ്തമാവുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഉദ്യമത്തിനു തുടക്കം കുറിക്കുന്നതെന്നു മാര്‍ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍, മേലുകാവുമറ്റം സെന്റ് തോമസ് പള്ളി വികാരി ഫാ. ജോര്‍ജ് കാരാംവേലില്‍ എന്നിവര്‍ അറിയിച്ചു.
തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഒന്പതുമുതല് വൈകുന്നേരം അഞ്ചുവരെ ഫാമിലി ഫിസിഷ്യന്റെ സേവനവും വൈകുന്നേരം നാലുമുതല്‍ അഞ്ചുവരെ വിവിധ സ്പെഷാലിറ്റി, സൂപ്പര്‍ സ്പെഷാലിറ്റി ഡോക്ടര്‍മാരുടെ സേവനവും മേലുകാവുമറ്റം മെഡിക്കല്‍ സെന്ററില്‍ ലഭ്യമാണ്.
പള്‍മനറി മെഡിസിന്, റുമറ്റോളജി, നെഫ്രോളജി, കാര്‍ഡിയോളജി, ഡെര്‍മറ്റോളജി,എ ന്ഡോക്രൈനോളജി, ന്യൂറോളജി എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനങ്ങളാണ് മേലുകാവുമറ്റം സെന്ററിൽ ലഭിക്കുന്നത്. കൂടാതെ ആധുനിക സംവിധാനമുള്ള ലബോറട്ടറി, ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയിലേക്കുള്ള ഹോസ്പിറ്റല്‍ അപ്പോയ്മെന്റ് ബുക്കിംഗ്, ലാബ് റിപ്പോര്‍ട്ടുകള്‍ തുടങ്ങിയ സേവനങ്ങളും സെന്ററിൽ ലഭ്യമാണ്.