ചങ്ങനാശേരി ടു വേളാങ്കണ്ണി : കെഎസ്ആര്‍ടിസിയുടെ പ്രസ്റ്റീജ് സര്‍വീസ് @ 25
1443734
Saturday, August 10, 2024 7:19 AM IST
ചങ്ങനാശേരി: ആയിരക്കണക്കിനു തീര്‍ഥാടകരെ ചങ്ങനാശേരിയില്‍നിന്നു വേളാങ്കണ്ണിയിലും പഴനിയിലും എത്തിച്ച കെഎസ്ആര്‍ടിസി ബസ് സര്‍വീസ് രജതജൂബിലി നിറവില്‍.
1999 മേയിലാണ് കെഎസ്ആര്‍ടിസിയുടെ ആദ്യ വേളാങ്കണ്ണി സര്‍വീസ് ചങ്ങനാശേരി ഡിപ്പോയില്‍നിന്നു തുടക്കമിട്ടത്. ആദ്യം എക്സ്പ്രസ് സര്‍വീസായാണ് തുടങ്ങിയതെങ്കിലും പിന്നീട് സൂപ്പര്‍ ഫാസ്റ്റും ഇപ്പോള്‍ സ്വിഫ്റ്റ് സര്‍വീസുമായാണ് ഓടുന്നത്.
നായനാര്‍ സര്‍ക്കാരിന്റെ ഭരണകാലത്ത് നീലലോഹിതദാസന്‍ നാടാര്‍ ഗതാഗത മന്ത്രിയായിരിക്കുമ്പോള്‍ ജനതാദള്‍ സംസ്ഥാന എക്സിക്യൂട്ടീവംഗമായിരുന്ന സണ്ണി തോമസ് നല്കിയ നിവേദനത്തിന്റെ ഫലമായി അന്നത്തെ എംഎല്‍എയായിരുന്ന സി.എഫ്. തോമസിന്റെ താത്പര്യപ്രകാരമാണ് ഈ സര്‍വീസിനു തുടക്കംകുറിച്ചത്. ആദ്യംമുതല്‍ തന്നെ ഈ ബസ് സര്‍വീസിന് യാത്രക്കാരില്‍നിന്നു വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
തീര്‍ഥാടകര്‍ക്കൊപ്പം ഉദ്യോഗസ്ഥര്‍, വ്യാപാരികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്കൊക്കെ ഈ സര്‍വീസ് ഏറെ പ്രയോജനകരമാണ്. ദിവസവും ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിച്ച് കോട്ടയം, മൂവാറ്റുപുഴ, തൃശൂര്‍, പാലക്കാട്, പൊള്ളാച്ചി, പഴനി, ഡിണ്ടിഗല്‍, തൃച്ചി, തഞ്ചാവൂര്‍, നാഗപ്പട്ടണം വഴി പിറ്റേന്ന് പുലര്‍ച്ചെ 5.45ന് വേളാങ്കണ്ണിയില്‍ എത്തുന്നതാണ് ഈ സര്‍വീസ്. വേളാങ്കണ്ണിയില്‍നിന്ന് ഉച്ചകഴിഞ്ഞ് 2.30ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 5.45ന് ചങ്ങനാശേരിയില്‍ എത്തുംവിധമാണ് തിരിച്ചുള്ള സര്‍വീസ്.
ചങ്ങനാശേരിയിലെ എന്നല്ല സംസ്ഥാനത്തെതന്നെ കെഎസ്ആര്‍ടിസിയുടെ പ്രസ്റ്റീജ് സര്വീസുകളിലെന്നാണ് വേളാങ്കണ്ണി സര്‍വീസ്. ഈ സര്‍വീസ് ഡിപ്പോമാറ്റാനും നിര്‍ത്താനുമൊക്കെയുള്ള നീക്കങ്ങള്‍ നടന്നപ്പോഴെല്ലാം ചങ്ങനാശേരിയിലെ സാമൂഹ്യ സാംസ്കാരിക സാമുദായിക സംഘടനകളും പാസഞ്ചേഴ്സ് അസോസിയേഷനും പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരുന്നു.
അടുത്തിടെ വേളാങ്കണ്ണി സര്‍വീസ് സ്വിഫ്റ്റിന്് കൈമാറിയിരുന്നു. നിലവില്‍ സ്വിഫ്റ്റ് സൂപ്പര്‍ ഡീലക്സായാണ് ഈ സര്‍വീസ് ഓപ്പറേറ്റ് ചെയ്യുന്നത്. ചങ്ങനാശേരിയില്‍നിന്ന് 750 കിലോമീറ്റര്‍ സഞ്ചരിച്ച് വേളാങ്കണ്ണിയിലെത്തി മടങ്ങിയെത്തുന്ന ഈ സര്‍വീസിന് ഒരുലക്ഷത്തോളം രൂപയാണ് വരുമാനം. ഈ സര്‍വീസ് ഓപ്പറേറ്റ് ചെയ്യാന്‍ ഇന്റര്‍ സ്റ്റേറ്റ് പെര്‍മിറ്റുള്ള രണ്ട് ബസുകളാണ് കെഎസ്ആര്‍ടിസി അനുവദിക്കുന്നത്.
ഈ ബസ് സര്‍വീസിന്റെ രജതജൂബലി ആഘോഷത്തിനൊരുങ്ങുകയാണ് പാസഞ്ചേഴ്സ് അസോസിയേഷനും പൗരാവലിയും.