തോട്ടിലെ മാലിന്യം തള്ളലിൽ പൊറുതിമുട്ടി : ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി കർഷകരും ജനപ്രതിനിധികളും
1443728
Saturday, August 10, 2024 7:19 AM IST
വെച്ചൂർ: നെൽകൃഷിക്കും ജനജീവിതത്തിനും ഭീഷണി ഉയർത്തി കക്കൂസ് മാലിന്യം തോട്ടിൽ പതിവായി തള്ളുന്നതിൽ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കർഷകരും ജനപ്രതിനിധികളും നാട്ടുകാരും സംയുക്തമായി ജനകീയ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു.
വെച്ചൂർ പൂവത്തുക്കരി പാടശേഖര ഓഫീസിൽ ഇന്നലെ നടന്ന സംയുക്ത യോഗമാണ് കൃഷിയെയും ജനജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്ന മലിനീകരണത്തിനെതിരേ ശക്തമായ സമരപരിപാടികൾ ആരംഭിക്കാൻ തീരുമാനിച്ചത്.
പാടശേഖര സമിതികൾ പഞ്ചായത്തുമായി സഹകരിച്ച് സ്ഥാപിച്ച കാമറകളിൽ കക്കൂസ് മാലിന്യം തള്ളുന്നതിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ പഞ്ചായത്ത് അധികൃതർ പോലീസിന് കൈമാറിയിട്ടും നടപടിയില്ല. പാടശേഖരങ്ങളിലേക്ക് ജലമെത്തിക്കുന്ന തോട്ടിൽ നിരന്തരം കക്കൂസ് മാലിന്യം തള്ളി തോട് മലിനമാക്കിയതോടെ രണ്ടായിരം ഏക്കർ നെൽകൃഷിക്ക് ശുദ്ധജലമെത്തിക്കാനായി തൂമ്പ് തുറക്കാൻ കഴിയാത്ത സ്ഥിതിയാണ്. വെച്ചൂർ പഞ്ചായത്തിലെ പൂവത്തുക്കരി, അയ്യനാടൻപുത്തൻ കരി, കോലാംപുറത്തു കരി, കാട്ടുകരി, പൊന്നച്ചംചാൽ, പോട്ടക്കരി തുടങ്ങി 10 ഓളം പാടശേഖരങ്ങളിലെ 50 ദിവസം പിന്നിട്ട 2000 ഏക്കർ നെൽകൃഷിയാണ് നാശത്തിന്റെ വക്കിലായത്.
പൂവത്തുക്കരി പാടശേഖര സമിതി പ്രസിഡന്റ് പ്രദീപൻ കുന്നത്താപള്ളിയുടെ അധ്യക്ഷതയിൽ നടന്ന ജനകീയ സമിതി യോഗം വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ്, പഞ്ചായത്ത് അംഗം എൻ. സഞ്ജയൻ, കൃഷി ഓഫീസർ ലിഡ ജേക്കബ്, പൂവത്തുക്കരി പാടശേഖര സമിതി സെക്രട്ടറി ബി. റെജി, വിവിധ പാടശേഖര സമിതി ഭാരവാഹികളായ ബിജു കൂട്ടുങ്കൽ, എസ്.ഡി. ഷാജി, പി.ടി.സലിം, അനിൽരാജ് , മത്തായി മാളിയേക്കൽ, വിവിധ പാടശേഖരങ്ങളിലെ കർഷകരും പ്രദേശവാസികളും പങ്കെടുത്തു.
യോഗത്തിൽ പ്രക്ഷോഭ പരിപാടികളുടെ ഏകോപനത്തിനായി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ (രക്ഷാധികാരി), പഞ്ചായത്ത് അംഗം എൻ. സഞ്ജയൻ (ചെയർമാൻ), പൂവത്തുക്കരി പാടശേഖര സമിതി സെക്രട്ടറി ബി. റെജി (കൺവീനർ)എന്നിവർ ഭാരവാഹികളായ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.