തോടിന്റെ കല്‍ക്കെട്ട് പൊട്ടി : അന്‍പത് ഏക്കറിലെ നെല്‍കൃഷി ഭീഷണിയിൽ
1443727
Saturday, August 10, 2024 7:19 AM IST
പെരുവ: തോടിന്റെ കല്‍ക്കെട്ട് പൊട്ടിയത് നിര്‍മിച്ചില്ലെങ്കില്‍ ഏകദേശം അന്‍പത് ഏക്കറോളം പാടത്ത് ഈ വര്‍ഷം നെല്‍കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്ന് കര്‍ഷകര്‍.
മുളക്കുളം ഇടയാറ്റ് പാടശേഖരത്തിലെ കുറുവേലി പാലത്തിന് താഴെ വശത്താണ് തോടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുപോയത്. മൂന്ന് മാസം കഴിഞ്ഞാല്‍ ഇവിടെ കൃഷി ഇറക്കേണ്ടതാണ്. കല്‍ക്കെട്ട് അടിയന്തരമായി പുനര്‍നിര്‍മിച്ചില്ലെങ്കില്‍ ഈ ഭാഗത്തെ നെല്‍കൃഷി ഇത്തവണ ഉപേക്ഷിക്കേണ്ടി വരുമെന്ന് കര്‍ഷകനായ ബൈജു പറഞ്ഞു.
തോട്ടില്‍ ഇപ്പോള്‍ വെള്ളം കുറവാണെങ്കിലും കൃഷി ഇറക്കിയശേഷം വേനല്‍മഴ പെയ്യുമ്പോള്‍ തോട്ടിലൂടെ വെള്ളം ഒഴുകിയെത്തി പൊട്ടിയ ഭാഗത്തുകൂടി ശക്തമായി കൃഷിയിടത്തിലേക്ക് കയറും. ഇത് കൃഷിനാശത്തിന് കാരണമാകും. കരിങ്കല്‍കെട്ടിന് പകരം കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യം.
എത്രയും വേഗം പൊട്ടിയ ഭാഗം പുനര്‍നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഇടയാറ്റ് പാടത്തെ കര്‍ഷകര്‍ ആവശ്യപ്പെട്ടു. തോട് കെട്ടാന്‍ പണം അനുവദിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവന്‍ നായര്‍ പറഞ്ഞു.