മാര്‍ ജോസഫ് പവ്വത്തില്‍ സ്മാരക ക്വിസ് പ്രാഥമികതലം നാളെ
1443717
Saturday, August 10, 2024 7:06 AM IST
ചങ്ങനാശേരി: കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി യുപി, ഹൈസ്കൂള്‍ ക്ലാസുകളില്‍ പഠിക്കുന്ന അതിരൂപത അംഗങ്ങളായ കുട്ടികള്‍ക്കായി നടത്തുന്ന രണ്ടാമത് മാര്‍ ജോസഫ് പവ്വത്തില്‍ സ്മാരക ജനറല്‍ ക്വിസ് മത്സരത്തിന്റെ പ്രാഥമികതലത്തിന് നാളെ തുടക്കമാവും. രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയിട്ടുള്ള കുട്ടികള്‍ക്കായി നാളെ ഉച്ചകഴിഞ്ഞ് 1.30 ന് ഇടവകകളില്‍ മത്സരങ്ങള്‍ ആരംഭിക്കും.
പൊതുവിജ്ഞാനം, ആനുകാലിക വിഷയങ്ങള്‍, കേരള സഭാ ചരിത്രം, മാർ പവ്വത്തിലിന്റെ ജീവിതരേഖ, കത്തോലിക്കാ കോണ്‍ഗ്രസ് ചരിത്രം എന്നിവ വിഷയങ്ങളായി ഉള്‍പ്പെട്ടിട്ടുള്ളതാണ് മത്സരം. ഇടവകകളില്‍ വിജയിക്കുന്ന ആദ്യ അഞ്ച് സ്ഥാനക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും സമ്മാനിക്കും.
ഓരോ വിഭാഗത്തിലെയും ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് അതിരൂപതാതല ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കാം. വിജയികള്‍ക്ക് കാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ്, ട്രോഫി എന്നിവ നല്‍കും. ഏറ്റവും കൂടുതല്‍ രജിസ്ട്രേഷനുകള്‍ നടത്തി രണ്ടു വിഭാഗങ്ങളിലുമായി വിജയങ്ങള്‍ നേടി കൂടുതല്‍ പോയിന്റുകള്‍ കരസ്ഥമാക്കുന്ന യൂണിറ്റിന് മാര്‍ ജോസഫ് പൗവത്തില്‍ സ്മാരക എവറോളിംഗ് ട്രോഫി സമ്മാനിക്കും. അതിരൂപതാതല ഫൈനല്‍ മത്സരങ്ങള്‍ 18ന് ഉച്ചകഴിഞ്ഞ് 1.30 ന് ചങ്ങനാശേരി അസംപ്ഷന്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും.
അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല-രക്ഷാധികാരി, ഷിജി ജോണ്സണ്-ജനറല്‍ കണ്‍വീനര്‍, ജോര്‍ജുകുട്ടി മുക്കത്ത്-ഫിനാന്‍സ് കണ്‍വീനര്‍, രാജേഷ് ജോണ്‍ പബ്ലിസിറ്റി കണ്‍വീനര്‍, ജെസി ആന്റണി-രജിസ്ട്രേഷന് എന്നിവര്‍ നേതൃത്വം നല്കുന്ന അറുപതംഗ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു. വിജയികള്‍ക്ക് സെപ്റ്റംബര്‍ ഒന്നിന് സമ്മാനങ്ങള്‍ വിതരണം ചെയ്യും.