ഓട പൊട്ടിയൊഴുകുന്നു; നഗരം ചീഞ്ഞുനാറുന്നു
1443715
Saturday, August 10, 2024 7:06 AM IST
കോട്ടയം: നഗരഭരണത്തിനു കീഴില്‍ നഗരസഭാ കാര്യാലയത്തിനു തൊട്ടുതാഴെ ഓട കവഞ്ഞൊഴുകി നഗരം നാറാന്‍ തുടങ്ങിയിട്ട് മാസം രണ്ടായി. ഭരണാധികാരികള്‍ക്ക് കണ്ട ഭാവമില്ല.
കാല്‍നട യാത്രക്കാര്‍ ചീഞ്ഞവെള്ളത്തില്‍ ഇപ്പോഴും ചവിട്ടി നടക്കുകയാണ്.
വാഹനങ്ങള്‍ ചീറിപ്പായുമ്പോള്‍ അഴുക്കു വെള്ളം ദേഹത്തേക്കും മുഖത്തേക്കും തെറിക്കുന്നതും പതിവായി. രൂക്ഷമായ ദുര്‍ഗന്ധം സഹിച്ച സമീപത്തെ വ്യാപാരികള്‍ ഒരുമാസമായി മൂക്കു പൊത്തിയിരിക്കുകയാണ്.
നഗരമധ്യത്തില്‍ ബേക്കര്‍ ജംഗ്ഷനു സമീപമാണ് യാത്രക്കാര്‍ മാലിന്യത്തില്‍ കുളിക്കുന്നത്. ഒന്നരമാസമായി ഇവിടെ ഓട കവിഞ്ഞൊഴുകുകയാണ്.
ഇതുവഴി കടന്നുപോകുന്നവര്‍ക്ക് മലിനജലത്തില്‍ ചവിട്ടാതെ പോകാനാകാത്ത അവസ്ഥയുമാണ്. കക്കൂസ് മാലിന്യമുള്‍പ്പെടെയാണ് ഒഴുകുന്നതെന്ന് വ്യാപാരികളും യാത്രക്കാരും പറയുന്നു. വെള്ളം തെറിച്ചാല്‍ ശരീരമാകെ ചൊറിച്ചിലുണ്ടാകുന്നതായും പരാതിയുണ്ട്.