കേരളത്തിനു പ്രത്യേക ധനസഹായ പാക്കേജ് പ്രഖ്യാപിക്കണം: ജോസ് കെ. മാണി എംപി
1443470
Friday, August 9, 2024 11:59 PM IST
കോട്ടയം: സമാനതകളില്ലാത്ത പ്രകൃതിദുരന്തത്തിന് ഇരയായ കേരളത്തിനു പ്രത്യേക ധനസഹായ പാക്കേജ് അടിയന്തരമായി പ്രഖ്യാപിക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ധനവിനിയോഗബില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലെ വിലങ്ങപ്പാറയിലും ഉണ്ടായ ഭീതിദമായ ഉരുള്‍പ്പൊട്ടലില്‍ വിറങ്ങലിച്ചു നില്ക്കുന്ന കേരളത്തിന് പ്രത്യേക ധനസഹായം അനുവദിക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ബാധ്യതയാണ്. പല സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ധനസഹായ പാക്കേജ് അനുവദിക്കുന്നുണ്ട്.
പത്തുവര്‍ഷത്തിലധികമായി സംസ്ഥാനം നിരന്തരമായി ആവശ്യപ്പെടുന്ന എയിംസ് എത്രയും വേഗം യാഥാര്‍ഥ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്തിനുതന്നെ മാതൃകയായ ആരോഗ്യ മേഖലയാണ് കേരളത്തിലുള്ളത്. ഇത് കണക്കിലെടുത്ത് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എത്രയും വേഗം കേരളത്തില്‍ അനുവദിക്കണം. റബര്‍ മേഖലയുടെ പ്രശ്നങ്ങള്‍ നന്നായി അറിയാവുന്ന മുന്‍ വാണിജ്യമന്ത്രികൂടിയായ നിര്‍മലാ സീതാരാമന് റബര്‍ മേഖലയ്ക്കായി പ്രത്യേക ധനസഹായം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.