ഓണമൊരുക്കം തുടങ്ങി ഓണം പൊന്നോണമാക്കാൻ കുടുംബശ്രീ
1443468
Friday, August 9, 2024 11:59 PM IST
കോട്ടയം: ഓണമെത്താന്‍ ദിനമേറെയെങ്കിലും വിപണി പ്രതീക്ഷിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടക്കമിട്ടു.
സദ്യവട്ടമൊരുക്കാന്‍ പച്ചക്കറികളും ഉപ്പേരിയും ശര്‍ക്കരവരട്ടിയും പായസവും പൂക്കളമൊരുക്കാന് പൂക്കളും ജില്ലയിലെ വിവിധ ഗ്രാമങ്ങളില്നിന്നെത്തും. ഇത്തവണ ജില്ലയിലെ 76 സിഡിഎസുകള്‍ക്ക് കീഴില്‍ 447.25 ഏക്കറിലാണ് ഓണത്തിനുള്ള പച്ചക്കറി വിളയുന്നത്. വിവിധയിനം പയര്‍, വെണ്ട, പടവലം, പാവല്‍, വെള്ളരി, പീച്ചിങ്ങ തുടങ്ങിയവയാണ് പ്രധാനമായും കൃഷിചെയ്യുന്നത്. പച്ചക്കറിവില അതത് പ്രദേശത്തെ വിപണിവിലയ്ക്ക് ആനുപാതികമായിരിക്കും.
കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ പ്രദേശങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കാനായിട്ടില്ല. ഓണത്തോടനുബന്ധിച്ച് നഗരസഭകളില്‍ കുടുംബശ്രീയുടെ നാല് ചന്തകളും പഞ്ചായത്തുകളില്‍ രണ്ട് ചന്തകളും സംഘടിപ്പിക്കും. ഇതുകൂടാതെ ജില്ലാതലത്തിലും ഓണച്ചന്തയൊരുക്കും. നാട്ടില്‍ ലഭ്യമല്ലാത്ത ഉരുളക്കിഴങ്ങ്, സവാള പോലുള്ളവ ഹോര്‍ട്ടികോര്‍പ് വഴിയും ലഭ്യമാക്കും.
പൂവല്ല, പൂക്കാലം തന്നെ
ഇത്തവണ ജില്ലയില്‍ പൂക്കാലമായിരിക്കും. നാട്ടിലും നഗരത്തിലുമെല്ലാം ഓണത്തിനായുള്ള പൂകൃഷി തുടങ്ങിക്കഴിഞ്ഞു. ഏറ്റുമാനൂര്‍, ഉഴവൂര്‍, ഈരാറ്റുപേട്ട, ളാലം, പള്ളം, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, വൈക്കം, പാമ്പാടി, മാടപ്പള്ളി, വാഴൂര്‍ ബ്ലോക്കുകളിലായി 100 ഏക്കര്‍ സ്ഥലത്ത് കുടുംബശ്രീ നേരിട്ടു പൂകൃഷി നടത്തുന്നുണ്ട്. ബന്തിയും ജമന്തിയും വാടാമല്ലിയുമാണ് പ്രധാനം. വിപണിവിലയ്ക്ക് ആനുപാതികമായി ജില്ലാതലത്തില്‍ വിലയും നിശ്ചയിക്കും. പഞ്ചായത്തു തലത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍, സ്കൂളുകള്‍, കോളജുകള്‍, ബാങ്കുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലൂടെ വിപണി കണ്ടെത്താനാണ് ശ്രമം.
ഉപ്പേരിയും ശര്‍ക്കരവരട്ടിയും തയാറാക്കാന്‍ നാല്‍പ്പതോളം കുടുംബശ്രീ യൂണിറ്റുകളെ ഉള്‍പ്പെടുത്തി കണ്‍സോര്‍ഷ്യവും രൂപീകരിച്ചിട്ടുണ്ട്. നാടന്‍കായ ഉപയോഗിച്ചാണ് നിര്‍മാണം. ഉത്പന്നം ഒറ്റപ്പേരില്‍, ഒരേരീതിയില്‍ ഇറക്കാന്‍ യൂണിറ്റുകള്‍ക്ക് ജില്ലാ അടിസ്ഥാനത്തില്‍ കവര്‍ നല്‍കാനും പദ്ധതിയുണ്ട്. കണ്‍സോര്‍ഷ്യത്തില്‍നിന്ന് കവര്‍ വാങ്ങുകവഴി രണ്ടുരൂപമുതല്‍ അഞ്ചുരൂപവരെ മുതല്‍മുടക്കില്‍ മികച്ചനിലവാരത്തിലുള്ളവ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഓണനാളുകളില്‍ ഓണച്ചന്തകള്‍ കേന്ദ്രീകരിച്ച് പായസമേളകളും നടത്തും.