ജീവിതം വഴിമുട്ടി സ്ഥലം ഉടമകൾ; കുറ്റിയടിച്ചവരെ കാണാനുമില്ല
1443467
Friday, August 9, 2024 11:59 PM IST
കോട്ടയം: ശബരി റെയില്‍പദ്ധതിക്കു പച്ചക്കൊടി വീശാന്‍ കേന്ദ്രത്തിനു താത്പര്യമില്ലെന്നും പകരം ചെങ്ങന്നൂരില്‍നിന്നു പമ്പയിലേക്ക് പുതിയ പാത പണിയുമെന്നും തീര്‍ച്ചയായതോടെ കിടപ്പാടവും പോയി തീവണ്ടിയും പോയി എന്ന ഗതികേടിലാണ് ശബരി പാതയ്ക്ക് സ്ഥലം കൊടുത്തവർ. നടക്കല്ലും അടുക്കളവരെയും വിട്ടുകൊടുക്കാന്‍ വിധിയുണ്ടായവരാണ് ഇപ്പോള്‍ പെരുവഴിയിലായിരിക്കുന്നത്. മുറ്റത്തുവരെ കുറ്റിക്കല്ല് അടിച്ച് സ്ഥലം ഏറ്റെടുത്തതിനാല്‍ കിടപ്പാടം വാങ്ങാനോ വില്‍ക്കാനോ വീട് പണിയാനോ ലോണെടുക്കാനോ പറ്റുന്നില്ല. ഏറെക്കാലം ഇന്നു വരും നാളെ വരും തീവണ്ടിയെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുകൊടുത്തുകൊണ്ടിരുന്നു.
കോട്ടയം ജില്ലയില്‍ കടനാട്, രാമപുരം വില്ലേജുകളിലാണ് കല്ലിടീല്‍ നടന്നിട്ടുള്ളത്. രാമപുരം മുതല്‍ എരുമേലിവരെ ആകാശ സര്‍വേ മാത്രമാണ് നടത്തിയത്.
അങ്കമാലി-എരുമേലി പാതയില്‍ അനിശ്ചിതത്വം വന്നതോടെ പദ്ധതി നടക്കുമോ ഇല്ലയോ എന്ന ആശങ്കയിലാണ് സ്ഥലം ഉടമകള്‍. സ്ഥലം എന്തു ചെയ്യണമെന്നു തീരുമാനമെടുക്കാന്‍ സാധിക്കുന്നില്ല. പാതയുടെ അന്തിമ അലൈന്മെന്റ് ഏതാണെന്നതില്‍ നാട്ടുകാര്‍ക്കും വ്യക്തതയില്ല. പദ്ധതി നടപ്പായാല്‍ സ്ഥലം നഷ്ടപ്പെടുന്നതിനാല്‍ വീടുകളുടെ അറ്റകുറ്റപ്പണി പോലും പലരും നടത്തുന്നില്ല.
സ്ഥലം ഏറ്റെടുക്കലിന് തൊടുപുഴയിലാണ് എല്‍എ ഓഫീസ് തുറന്നിരിക്കുന്നത്. പാലായിലും ഓഫീസ് തുറന്നെങ്കിലും മൂന്നു വര്‍ഷം മുമ്പ് ഓഫീസ് നിര്‍ത്തി തൊടുപുഴ ഓഫീസില്‍ ലയിപ്പിച്ചു. റെയില്‍വേയുടെ ഭാഗത്തുനിന്നും നടപടികളുണ്ടാകാത്തതിനാല്‍ സ്ഥലം ഏറ്റെടുക്കല്‍ റവന്യു വകുപ്പും സ്വീകരിച്ചിട്ടില്ല. 2020ലാണ് അറിയിപ്പുണ്ടാകുന്നതുവരെ സ്ഥലം ഏറ്റെടുക്കല്‍ നിര്‍ത്തിവയ്ക്കുന്നതായി റെയില്‍വേ അറിയിച്ചത്.
സ്ഥലം അളന്നു തിരിച്ചുപോയ പിഴക് പ്രദേശത്തെ ജനങ്ങളും വലിയ ആശങ്കയിലാണ്. മൂന്നു മുതല്‍ അഞ്ചു സെന്റു വരെ സ്ഥലമുള്ളവരാണ് വലയുന്നത്. സ്ഥലം അളന്നു തിരിക്കുകയും കല്ലിടുകയും ചെയ്ത ഉടമകള്‍ക്ക് ബാക്കി സ്ഥലം ഈടുവച്ച് വായ്പ എടുക്കാനാവാത്ത അവസ്ഥയാണ്.
കോട്ടയം ജില്ലയില്‍ പിഴകിലാണ് ആദ്യ സ്റ്റേഷന് വിഭാവനം ചെയ്തിട്ടുള്ളത്. ഇവിടെയാണ് സ്ഥലമേറ്റെടുപ്പിന് കല്ലിട്ടിരിക്കുന്നതും.
പാലാ ടൗണില്‍ നിന്നും ആറു കിലോ മീറ്റര്‍ അകലെ ദീപ്തി ജംഗ്ഷനിലും ഈരാറ്റുപേട്ടയ്ക്കു സമീപം ചെമ്മലമറ്റത്തും പാറത്തോടിനു സമീപം കാഞ്ഞിരപ്പള്ളി റോഡ് സ്റ്റേഷനും എരുമേലി എംഇഎസ് കോളജിനു സമീപം എരുമേലി സ്റ്റേഷനുമാണ് വിഭാവനം ചെയ്തിരുന്നത്.
തുടക്കംമുതല്‍ ഇഴച്ചിൽ;
ഒടുവിൽ ചുവപ്പുകൊടി
കോട്ടയം: ഇടുക്കി ജില്ലയിലെ തൊടുപുഴയിലും കരിങ്കുന്നത്തും തീവണ്ടി ചൂളംവിളിച്ചെത്തുമെന്നും ഇടുക്കി റെയില്‍വേ ഭൂപടത്തില്‍ ഇടംനേടുമെന്നുമുള്ള പ്രതീക്ഷകള്‍ അസ്തമിച്ചു. തുടക്കം മുതല്‍ ഇഴച്ചിലും പഴിപറച്ചിലുമായിരുന്നു ഈ പദ്ധതിയുടെ വിധി. 1997 മുതല്‍ എല്ലാ കേന്ദ്ര ബജറ്റുകളിലും പണം വകയിരുത്തിയെങ്കിലും അങ്കമാലി മുതല്‍ കാലടി വരെ ഏഴു കി.മീ പാതയും കാലടി പാലവും മാത്രമാണ് പൂര്‍ത്തിയായത്. ശബരിപാതയ്ക്കായി ഇതിനകം 264 കോടി രൂപ റെയില്‍വേ ചെലവാക്കിയിട്ടുണ്ട്.
സ്ഥലം ഏറ്റെടുക്കലില്‍ വന്ന താമസവും ചെലവില്‍ വന്ന വര്‍ധനവുമാണ് ഫയല്‍ മടക്കാന്‍ അടിസ്ഥാന കാരണം. 2010ല്‍ എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളെ ബന്ധിക്കുന്ന പാത പൂര്‍ത്തിയാക്കാന്‍ വിഭാവനം ചെയ്ത പദ്ധതി വലിയ പ്രതീക്ഷകളാണ് സമ്മാനിച്ചത്. എരുമേലിയില്‍ പേട്ട തുള്ളാനെത്തുന്ന ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്കും മലയോരജനതയ്ക്കും പ്രതീക്ഷ നല്കിയ പദ്ധതി.
അങ്കമാലിയില്‍നിന്ന് ഒന്നര മണിക്കൂറിനുള്ളില്‍ അയ്യപ്പ തീര്‍ഥാടകര്‍ക്ക് എരുമേലിയില്‍ എത്താനാകും എന്നതായിരുന്നു കണക്കുകൂട്ടല്‍. ഒപ്പം ചങ്ങനാശേരി, ചെങ്ങന്നൂര്‍ സ്റ്റേഷനുകളിലെ പതിവ് തിരക്കിന് ശമനവുമുണ്ടാകും.
കാലടി മുതല്‍ എരുമേലി വരെ 104 കിലോമീറ്റര്‍ പാത നിര്‍മാണമാണു ബാക്കിയുള്ളത്. പ്രഖ്യാപിക്കുമ്പോള്‍ 550 കോടിയെന്നു കണക്കാക്കിയ ചെലവ് ഏറ്റവുമൊടുവില്‍ എസ്റ്റിമേറ്റ് പുതുക്കിയപ്പോള്‍ 3800 കോടിയായി.
മലയോര മേഖലകളില്‍ 14 റെയില്‍വേ സ്റ്റേഷനുകള്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് എന്നേക്കും ഇല്ലാതാകുന്നത്. വന്ദേഭാരത് ട്രെയിന്‍ ഉള്‍പ്പെടെ ഓടിക്കാന്‍ കഴിയുംവിധം വൈദ്യുതീകരണ സംവിധാനത്തില്‍ മാറ്റം വരുത്തിയുള്ള എസ്റ്റിമേറ്റാണ് അവസാനം കേരളം സമര്‍പ്പിച്ചത്.