നെല്ലിയാനിയിലെ മിനി സിവില്‍ സ്റ്റേഷന് അനക്സ് കെട്ടിടം ആർക്കുംവേണ്ട
1441981
Sunday, August 4, 2024 9:28 PM IST
പാലാ: നെല്ലിയാനിയിയിലെ മിനി സിവില്‍ സ്റ്റേഷന് അനക്സ് കെട്ടിടം പണിതീര്‍ന്നിട്ട് രണ്ടു വര്‍ഷം. റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസും റവന്യു ഓഫീസുമടക്കം നാലു പ്രധാന ഓഫീസുകള്‍ ഇവിടെ വരുന്നുണ്ടെന്നു പറയുന്നുണ്ടെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് ഫര്‍ണീഷ് ചെയ്യാന്‍ ഫണ്ടില്ലെന്ന കാരണത്താലാണ് ഓഫീസ് മാറാതിരിക്കുന്നതെന്നാണ് വിവരം.നഗരഹൃദയത്തില്‍ അഞ്ചു നിലകളോടെയുള്ളതുമായ സിവില്‍ സ്റ്റേഷനില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതെ വന്നിരുന്നതും അവശേഷിച്ചതുമായ ഓഫീസുകള്‍ ഒരേ കുടക്കീഴില് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണു പാലാ-വൈക്കം റോഡിലെ നെല്ലിയാനിയില്‍ വിശാലമായ പാര്‍ക്കിംഗ് സൗകര്യത്തോടെ ബഹുനില മന്ദിരം നിര്‍മിച്ചത്.
മൂന്നു നിലകള്‍ക്കായി വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നില പൂര്‍ത്തിയായി. വിദ്യാഭ്യാസ വകുപ്പിന്റെ കൈവശത്തിലിരുന്ന ഭൂമി വിട്ടുകിട്ടുന്നതിനും ഇവിടെ പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കാര്‍ അച്ചടി സ്ഥാപനം മാറ്റുന്നതിനും ഉണ്ടായ കാലതാമസം നിര്‍മാണം ആരംഭിക്കുന്നതിനു വൈകിയെങ്കിലും നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.
സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ്, എക്സൈസ് ഓഫീസ് തുടങ്ങി സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി കഴിയുന്ന മറ്റെല്ലാ ഓഫീസുകള്‍ക്കും നവീനവും വിസ്തൃതിയുമുള്ള ഓഫീസ് സൗകര്യം ഇവിടെ ലഭ്യമാകും. ടൗണ്‍ സിവില്‍ സ്റ്റേഷന് കോമ്പൗണ്ടിലെ ഇടുങ്ങിയ സ്ഥലത്തു പാര്ക്കിംഗിനുപോലും വിഷമിക്കുമ്പോള്‍ നെല്ലിയാനിയില്‍ വിശാലമായ പാര്‍ക്കിംഗ് സൗകര്യമാണുള്ളത്. മൂന്നു കോടി രൂപ മുടക്കില്‍ റവന്യുഫണ്ട് വിനിയോഗിച്ചാണ് നിര്‍മാണം.