കുടിവെള്ളം മുട്ടിച്ചു; തടിമില്ലിന്റെ പ്രവർത്തനം നിർത്തിച്ച് പഞ്ചായത്ത്
1441927
Sunday, August 4, 2024 6:49 AM IST
നെടുംകുന്നം: മുതിരമല കുടിവെള്ള പദ്ധതിയുടെ കിണർ മലിനമായതിന് നാട്ടുകാർ നൽകിയ പരാതിയെത്തുടർന്ന് സമീപത്തുള്ള തടിമില്ല് താത്കാലികമായി അടച്ചുപൂട്ടാൻ പഞ്ചായത്തും ആരോഗ്യവകുപ്പും നോട്ടീസ് നൽകി. തടിമില്ലിൽനിന്നുള്ള അറക്കപ്പൊടിയും മലിനജലവും മണ്ണിൽ താഴ്ന്നതാണ് വെള്ളം മലിനമാകാൻ കാരണമെന്നായിരുന്നു പ്രദേശവാസികളുടെ ആരോപണം.
തുടർന്ന് നെടുംകുന്നം പഞ്ചായത്തും ആരോഗ്യവകുപ്പും ഇവിടെ പരിശോധനകൾ നടത്തി. കിണറ്റിലെ വെള്ളത്തിൽ വലിയ തോതിൽ മാലിന്യങ്ങളും രാസവസ്തുക്കളും പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്ന് മാലിന്യങ്ങൾ നീക്കി പരിസരം വൃത്തിയാക്കാനും തടി ഉരുപ്പടികൾ പുതിയ ഷെഡിലേക്ക് മാറ്റാനും ഫാക്ടറിക്കു സമീപത്തെ ശൗചാലയം പൊളിച്ചുനീക്കാനും അധികൃതർ നിർദ്ദേശം നൽകി. മലിനീകരണ നിയന്ത്രണ ബോർഡിനും പരാതി കൈമാറിയിട്ടുണ്ട്. അടുത്തദിവസം അധികൃതർ പരിശോധന നടത്തും.
കിണർ വറ്റിച്ച് ക്ലോറിനേഷൻ നടത്തിയെങ്കിലും മലിനീകരണ പ്രശ്നങ്ങളുണ്ടെന്നാണ് കണ്ടെത്തൽ. പ്രശ്നങ്ങൾ പരിഹരിച്ച് പരിശോധന നടത്തുന്നത് വരെ ഫാക്ടറി തുറന്ന് പ്രവർത്തിക്കരുതെന്നാണ് പഞ്ചായത്തിന്റെ നിർദേശം. കിണർ മലിനമായതോടെ പ്രദേശത്തെ 72 കുടുംബങ്ങളുടെ കുടിവെള്ളമാണ് മുടങ്ങിയത്.