മാടപ്പള്ളി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: വിവാദങ്ങള്‍ ഒഴിയാതെ യുഡിഎഫ്
1441926
Sunday, August 4, 2024 6:49 AM IST
ചങ്ങനാശേരി: ഗ്രൂപ്പ് തര്‍ക്കങ്ങള്‍ തീര്‍പ്പാക്കാനാവാതെ നീളുന്നതുമൂലം മാടപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ വിവാദങ്ങള്‍ ഒഴിയുന്നില്ല. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബു കുരീത്രയുടെയും കോണ്‍ഗ്രസ് പഞ്ചായത്തംഗം ജിന്സണ് മാത്യുവിന്റെയും നേതൃത്വത്തില്‍ രണ്ട് പാനലുകള്‍ മത്സരരംഗത്തെത്തിയതാണ് പ്രതിസന്ധിയായി തുടരുന്നത്.
താനാണ് നിലവില്‍ മാടപ്പള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്നു കാണിച്ച് ജിന്സണ് മാത്യു കോടതിയെ സമീപിച്ച് ബാബു കുരീത്ര നയിക്കുന്ന പാനല്‍ യുഡിഎഫ് എന്ന പേര് ഉപയോഗിക്കരുതെന്ന് ഉത്തരവ് വാങ്ങിയതോടെയാണ് തെരഞ്ഞെടുപ്പ് രംഗത്ത് വിവാദം കൊഴുത്തത്.
കേസ് 14നു പരിഗണിക്കുന്നതുവരെ തത്സ്ഥിതി തുടരണമെന്നാണ് ജില്‍സണ്‍ മാത്യു സമ്പാദിച്ചിരിക്കുന്ന ഉത്തരവില്‍ പറയുന്നത്. ഇതിനെതിരേ ബാബു കുരീത്രയുടെ നേതൃത്വത്തിലും ചങ്ങനാശേരി മുൻസിഫ് കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. കോടതി നാളെ വാദം കേള്‍ക്കും. വിധി ഉടനെ ഉണ്ടാകും.
ബാബു കുരീത്രയുടെ നേതൃത്വത്തിലുള്ള പാനലിന് യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി പിന്തുണ നല്‍കുമെന്ന് നിയോജകമണ്ഡലം ചെയര്മാന് പി.എന്‍. നൗഷാദ്, കണ്‍വീനര്‍ മാത്തുക്കുട്ടി പ്ലാത്താനം എന്നിവര്‍ ഇതിനോടകം അറിയിച്ചിട്ടുണ്ട്. മാടപ്പള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി ബാബു കുരീത്രയെ തുടരാന്‍ അനുവദിക്കുമെന്നു കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍സെക്രട്ടറി ടി.യു. രാധാകൃഷ്ണന് തന്നെ അറിയിച്ചിട്ടുണ്ടെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും അറിയിച്ചിട്ടുണ്ട്.
പാര്‍ട്ടിയിലെ ഒരു വിഭാഗത്തെ മാത്രം ഉള്‍പ്പെടുത്തി പാനല്‍ നിശ്ചയിച്ചതില്‍ പ്രതിഷേധിച്ചാണ് ജിന്സണ് മാത്യുവിന്റെ നേതൃത്വത്തില്‍ മറുപാനലുണ്ടാക്കിയത്. ഇരുപാനലിലുള്ളവരും പ്രചാരണ രംഗത്ത് സജീവമാണ്.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തര്‍ക്കം രണ്ടു പാനലിലെത്തിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് ബാബു കുരീത്രയെ മാറ്റി മാടപ്പള്ളി മണ്ഡലം പ്രസിഡന്റായി ജിന്സണ് മാത്യുവിനെ കെപിസിസി നിയോഗിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിനെ ബാധിക്കുന്നതിനാല്‍ ചില നേതാക്കള്‍ ഇടപെട്ട് ഉത്തരവു മരവിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബാബു കുരീത്ര ഉള്‍പ്പെടെ നിയോജകമണ്ഡലത്തിലെ മൂന്നു മണ്ഡലം പ്രസിഡന്റുമാരെ മാറ്റിക്കൊണ്ട് കെപിസിസി വീണ്ടും ഉത്തരവിറക്കി. എന്നാല്‍, മാടപ്പള്ളിയില്‍ ജിന്സണ് മാത്യുവിനെ അംഗീകരിക്കാന്‍ തയാറാകാതെ മറുവിഭാഗം കെപിസിസിയെ സമീപിച്ചു. വയനാട് നടന്ന രാഷ്ട്രീയകാര്യ സമിതിയിലും വിഷയം ചര്‍ച്ചയായി.
കെപിസിസിയുടെ ഔദ്യോഗിക രേഖ പ്രകാരം താനാണ് മണ്ഡലം പ്രസിഡന്റെന്നു കാട്ടിയാണ് ജിന്സണ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ പാനലുമായി രംഗത്തെത്തിയത്. എന്നാല്‍, ഈ പാനലില്‍ കേരള കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തിയില്ലെന്ന ആക്ഷേപമുണ്ട്.
മാടപ്പള്ളി സഹകരണബാങ്ക് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുള്ളിലെ പ്രതിസന്ധി പരിഹരിക്കാന്‍ കെപിസിസി രണ്ടംഗ അന്വേഷണകമ്മീഷനെ നിയോഗിച്ചിരുന്നു. പത്രിക പിന്‍വലിക്കേണ്ട തീയതിക്കുള്ളില്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരുക്കാന് ഈ കമ്മീഷന് ശ്രമിച്ചതെങ്കിലും ഇരുകൂട്ടരും വഴങ്ങിയില്ല. കോട്ടയം ഡിസിസിയില്‍ ഇരുവിഭാഗങ്ങളെയും വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയെങ്കിലും ഇതും ഫലം കണ്ടില്ല.
യുഡിഎഫിന്റെ രണ്ട് പാനലുകള്‍ക്കൊപ്പം എല്‍ഡിഎഫ്, ബിജെപി പാനലുകളും മത്സര രംഗത്തുണ്ട്.