ബാറില്‍ വച്ച് മര്‍ദനമേറ്റയാൾ വീടിനുള്ളില്‍ മരിച്ച നിലയില്‍
1441920
Sunday, August 4, 2024 6:40 AM IST
കടുത്തുരുത്തി: ബാറില്‍ വച്ച് മര്‍ദനമേറ്റയാളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കടുത്തുരുത്തി പാലകര ചിത്താന്തിയേല്‍ സി.ടി. രാജേഷ് (53) നെയാണ് ഇന്നലെ രാവിലെ 11ഓടെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുള്ളതായി രാജേഷിന്റെ സഹോദരന് സുരേഷ് ആരോപിച്ചു. കോട്ടയത്തുനിന്നുള്ള ഡോഗ് സ്ക്വാഡും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
സംഭവവുമായി ബന്ധപ്പെട്ട് ബാറിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. രാജേഷിന്റെ മരണവുമായി ബന്ധപ്പെട്ട് നാലു പേരെ കടുത്തുരുത്തി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇന്നലെ രാവിലെ പതിനൊന്നോടെ രാജേഷിനെ തിരക്കിയെത്തിയ സമീപവാസിയാണ് വീടിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.
കടുത്തുരുത്തി മാര്‍ക്കറ്റിന് സമീപമുള്ള ബാറില്‍ മദ്യപിക്കുന്നതിനിടെ വെള്ളിയാഴ്ച രാത്രിയില്‍ രാജേഷും കടുത്തുരുത്തി സ്വദേശികളായ ചിലരുമായി തര്‍ക്കം ഉണ്ടായിരുന്നു. തുടര്‍ന്നു ബാറില്‍നിന്ന് പുറത്തിറങ്ങിയ രാജേഷിനെ ഇവര്‍ മര്‍ദിച്ചതായി പറയുന്നു. പരിക്കേറ്റ രാജേഷിനെ മര്‍ദിച്ചവരില്‍ ചിലര്‍ തന്നെയാണ് ഓട്ടോറിക്ഷയില്‍ കയറ്റി കടുത്തുരുത്തിയിലെ സഹകരണ ആശുപത്രിയിലെത്തിച്ചതെന്നു പോലീസ് പറഞ്ഞു.
പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടാന്‍ ആശുപത്രിയില്‍നിന്നു നിര്‍ദേശിച്ചെങ്കിലും ഇവര്‍ രാജേഷിനെ വീട്ടില്‍ കൊണ്ടുപോയി ആക്കിയ ശേഷം മടങ്ങുകയായായിരുന്നുവെന്നു പോലീസ് പറഞ്ഞു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലെ മരണകാരണം വ്യക്തമാകൂവെന്നും അതിനുശേഷമെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തവര്‍ക്കെതിരേ കേസെടുക്കൂവെന്നും സിഐ ടി.എസ്. റെനീഷ് പറഞ്ഞു.
ഭാര്യയും മക്കളുമായി പിണങ്ങി കഴിയുന്ന രാജേഷ് വീട്ടില്‍ തനിച്ചാണ് താമസം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വൈകുന്നേരത്തോടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
നടപടികള്‍ക്ക് പാലാ ഡിവൈഎസ്പി കെ. സദന്, കടുത്തുരുത്തി സിഐ ടി.എസ്. റെനീഷ്, എസ്ഐ ശരണ്യ എസ്. ദേവന് എന്നിവര്‍ നേതൃത്വം നല്കി. രാജേഷിന്റെ സംസ്കാരം ഇന്ന് രണ്ടിന് നടക്കും. ഭാര്യ സുജ ആലപ്പുഴ നെടുമുടി വൈശ്യംഭാഗം സ്വദേശി. മക്കള്‍: നിധി, നിത്യശ്രീ.