യുവാവിന്റെ ചികിത്സയ്ക്കായി നാടൊന്നിക്കുന്നു
1441919
Sunday, August 4, 2024 6:40 AM IST
ഞീഴൂര്‍: ഹൃദയസംബന്ധമായ രോഗം മൂലം സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്റര്‍ ഐസിയുവില്‍ കഴിയുന്ന യുവാവിന്റെ ചികിത്സയ്ക്കായി നാടൊന്നിക്കുന്നു. എഗ്മോ യന്ത്രത്തിന്റെ സഹായത്തോടെയാണ് യുവാവിന്റെ ജീവന് നിലനിര്‍ത്തുന്നത്. തിരുവമ്പാടി പ്രാക്കുഴിയില്‍ പി.കെ. വിനോദ് (45) ആണ് ചികിത്സയിലുള്ളത്. നിര്‍ധന കുടുംബാംഗമായ വിനോദിന് ഭാര്യയും രണ്ട് കുട്ടികളുമാണുള്ളത്. കൂലിപ്പണി ചെയ്താണ് വിനോദ് കുടുംബം പുലര്‍ത്തിയിരുന്നത്. പത്ത് ലക്ഷത്തോളം രൂപ ഇതിനോടകം വിനോദിന്റെ ചികിത്സയ്ക്കായി ചെലവായി കഴിഞ്ഞു.
ഇനിയും മരുന്നുകള്‍ വേണ്ടവിധം പ്രതികരിച്ചില്ലെങ്കില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സുമനസുകളുടെ സഹായത്തോടെയാണ് ഇതുവരെ ചികിത്സ നടത്തിയത്. തുടര്‍ചികിത്സയ്ക്കു ഇനിയും സുമനസുകളുടെ സഹായം കൂടുതൽ വേണ്ടി വരും.
വിനോദിന്റെ ചികിത്സയ്ക്കു ധനസമാഹരണം നടത്തുന്നതിനായി ഇന്ന് രാവിലെ ഒമ്പതു മുതല്‍ മൂന്നു വരെ ജീവന് രക്ഷാസമിതിയുടെ നേതൃത്വത്തില്‍ വീടുകളിലെത്തി സഹായം തേടും. പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ്, വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ്,
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജോണ്സണ് കൊട്ടുകാപ്പള്ളി, ബ്ലോക്ക് പഞ്ചായത്തംഗം നളിനി രാധാകൃഷ്ണന് എന്നിവര്‍ രക്ഷാധികാരികളായും പഞ്ചായത്തംഗം തോമസ് പനയ്ക്കല്‍ ചെയര്‍മാനായും സാജു മാഞ്ഞാലി കണ്‍വീനറായും നാട്ടുകാര്‍ ജീവന് രക്ഷാസമിതിക്കു രൂപം നല്‍കിയിരുന്നു.