പിതൃമോക്ഷപ്രാപ്തിക്കായി ആയിരങ്ങൾ ബലിതർപ്പണം നടത്തി
1441918
Sunday, August 4, 2024 6:40 AM IST
വൈക്കം: പിതൃമോക്ഷ പ്രാപ്തിക്കായി ആയിരങ്ങൾ ക്ഷേത്രങ്ങളിൽ കർക്കിട വാവുബലി തർപ്പണം നടത്തി.
കർക്കിടക വാവുബലിയോടനുബന്ധിച്ച് ക്ഷേത്രങ്ങളിൽ ബലിതർപ്പണത്തിനായി വിപുലമായ ഒരുക്കങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ടിവിപുരം ശ്രീരാമസ്വാമി ക്ഷേത്രം, പിതൃകുന്നം മഹാവിഷ്ണു ക്ഷേത്രം, തുറുവേലിക്കുന്ന് ധ്രുവപുരം മഹാദേവ ക്ഷേത്രം, തോട്ടകം കുപ്പേടിക്കാവ് ഭാഗവതി ക്ഷേത്രം, തോട്ടകം വാഴേക്കാട് അനന്ത ശയന ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ബലി തർപ്പണത്തിനായി അഭൂതപൂർവമായ തിരക്കാണനുഭവപ്പെട്ടത്.
തുറുവേലിക്കുന്ന് ധ്രുവപുരം മഹാദേവ ക്ഷേത്രത്തിൽ പുലർച്ചെ അഞ്ചിനാണ് ബലിതർപ്പണം ആരംഭിച്ചത്. ക്ഷേത്രം മേൽശാന്തി സിബിൻ ശാന്തി പൂജാ കർമ്മങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു.
ക്ഷേത്രത്തിൽ പ്രത്യേക പിതൃ നമസ്കാര പൂജകൾ നടന്നു. ക്ഷേത്രം ദേവസ്വം പ്രസിഡന്റ് കെ. ആനന്ദരാജൻ, സെക്രട്ടറി കെ.ജി. രാമചന്ദ്രൻ,യൂണിയൻ കൗൺസിലർ ടി.എസ്. സെൻ, വൈസ് പ്രസിഡന്റ് റെജിമോൻ തുടങ്ങിയവർ നേതൃത്വം നൽകി.