പ്ലാസ്റ്റിക് റബര്‍ തോട്ടത്തില്‍ കൂട്ടിയിട്ട് കൊതുക് വളര്‍ത്തല്‍ കേന്ദ്രമാക്കുന്നു
1441916
Sunday, August 4, 2024 6:40 AM IST
പെരുവ: ഹരിതകര്‍മസേന പണം വാങ്ങി സംഭരിക്കുന്ന പ്ലാസ്റ്റിക് റബര്‍ തോട്ടത്തില്‍ കൂട്ടിയിട്ട് കൊതുക് വളര്‍ത്തല്‍ കേന്ദ്രമാക്കുന്നു. വീടുകളിലെത്തുന്ന സേനാംഗങ്ങള്‍ ഉണങ്ങിയ പ്ലാസ്റ്റിക് മാത്രമാണ് സംഭരിക്കുന്നത്. ഇവയാണ് ഒരു മറയുമില്ലാതെ റബര്‍ തോട്ടത്തില്‍ ചാക്കില്‍ കെട്ടി കൂട്ടിയിട്ടിരിക്കുന്നത്.
മുളക്കുളം പഞ്ചായത്തിലെ ഹരിതകര്‍മസേനാംഗങ്ങള്‍ സംഭരിക്കുന്ന പ്ലാസ്റ്റിക് മാലിന്യമാണ് പെരുവ കൂട്ടാനിക്കല്‍ കോളനിക്ക് സമീപം റബര്‍ത്തോട്ടത്തില്‍ കൂട്ടിയിട്ടിരിക്കുന്നത്. ഇവ മഴ നനഞ്ഞ് വെള്ളം കെട്ടിനിന്നു കൊതുകുകള്‍ പെരുകുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഹരിതകര്‍മ സേനാംഗങ്ങള്‍ വീടുകളിലെത്തി ശേഖരിക്കുന്ന ഉണങ്ങിയ പ്ലാസ്റ്റിക്കാണ് പറമ്പില്‍ കൂട്ടിയിട്ടു മഴയത്തു വെള്ളം കെട്ടിനിന്നു കൊതുക് പെരുകാന്‍ ഇടയാക്കുന്നത്. നനഞ്ഞതും വൃത്തിയില്ലാത്തതുമായ പ്ലാസ്റ്റിക് സേനാംഗങ്ങള്‍ സ്വീകരിക്കില്ല.
നനഞ്ഞ പ്ലാസ്റ്റിക് നല്കുന്ന വീട്ടുകാരുമായി വഴക്കിടുന്ന സേനാംഗങ്ങളാണ് ഇവയെല്ലാം റബര്‍ തോട്ടത്തില്‍ ഒരു മറയുമില്ലാതെ കൂട്ടിയിട്ടിരിക്കുന്നത്. അറുനൂറ്റിമംഗലം ചിറക്കുളത്തിന് സമീപവും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുകയാണ്.
പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ഇവ സംഭരിക്കാന്‍ പ്രത്യേക സ്ഥലം ഉണ്ടെങ്കിലും അവയെല്ലാം നിറഞ്ഞ് കിടക്കുകയാണ്. കൂട്ടാനിക്കല്‍ കോളനിക്ക് സമീപം കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാന്‍ നടപടി വേണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.