ആദ്യ തീർഥാടനത്തിന്റെ സംഘാടകർ കുടമാളൂരിൽ ഒത്തുചേർന്നു
1441907
Sunday, August 4, 2024 6:26 AM IST
കുടമാളൂർ: 1989ൽ അന്നത്തെ ചെറുപുഷ്പ മിഷൻലീഗ് അതിരൂപത ഡയറക്ടർ റവ.ഡോ. മാണി പുതിയിടത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച അൽഫോൻസാ തീർഥാടനത്തിന്റെ ആദ്യകാല സംഘാടകർ ഇന്നലെ കുടമാളൂരിൽ ഒന്നിച്ചുകൂടി. അവരുടെ നേതൃത്വത്തിൽ കുടമാളൂർ പള്ളി അങ്കണത്തിൽ തീർഥാടനത്തിനു വരവേൽപ് നൽകി.
1989ൽ തീർഥാടന കമ്മിറ്റി കൺവീനറായിരുന്ന ജോൺസൺ കാഞ്ഞിരക്കാട്ട്, അതിരൂപത ഓർഗനൈസിംഗ് സെക്രട്ടറിയായിരുന്ന രാജു കുടിലിൽ, ഭാരവാഹികളായിരുന്ന സി.വി. റ്റിജി ചിറ്റേട്ടുകളം, പ്രിൻസി ആന്റണി, സാജൻ തറയിൽ, വി.ജെ. ജോസഫ് വേളാശേരി, പ്രകാശ് തോമസ്, പ്രേംസൺ വർഗീസ്, ബേബിച്ചൻ മുകളേൽ തുടങ്ങിയവരാണ് റവ.ഡോ. മാണി പുതിയിടത്തോടൊപ്പം ഇന്നലെ കുടമാളൂർ പള്ളിയിൽ ഒന്നിച്ചുകൂടിയത്.
1989ൽ റവ.ഡോ. മാണി പുതിയിടത്തിന്റെ നേതൃത്വത്തിൽ 76 പേരുമായി ചങ്ങനാശേരി അതിരൂപത കേന്ദ്രത്തിൽനിന്ന് ആരംഭിച്ച തീർഥാടനമാണ് ഇന്ന് പതിനായിരങ്ങൾ എത്തിച്ചേരുന്ന തീർഥാടനമായിത്തീർന്നത്. മൂന്നരപതിറ്റാണ്ട് പിന്നിടുമ്പോൾ തീർഥാടനത്തിന് തുടക്കം കുറിച്ച റവ.ഡോ. മാണി പുതിയിടം ഇന്നലെ കുടമാളൂർ പള്ളി ആർച്ച്പ്രീസ്റ്റ് എന്ന നിലയിൽ ആതിഥേയനായിരുന്നു.