വയനാട്: രക്ഷയുടെ കരങ്ങളുമായി റിട്ട. ആര്‍മി ഉദ്യോഗസ്ഥനും സംഘവും
1441744
Sunday, August 4, 2024 1:51 AM IST
കോട്ടയം: വയനാട്ടില്‍ മഹാദുരന്തത്തില്‍ രക്ഷയുടെ കരങ്ങളുമായി റിട്ടയേര്‍ഡ് ആര്‍മി ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം. കൂട്ടിക്കല്‍ ഇളങ്കാട് വയലില്‍ ജസ്റ്റിന് ജോര്‍ജും സംഘവുമാണ് ദുരന്ത വാര്‍ത്തയറിഞ്ഞതിനു പിന്നാലെ വയനാട്ടിലേക്ക് യാത്ര തിരിച്ചത്.
കരസേന മദ്രാസ് റജിമെന്റില്‍നിന്ന് വിരമിച്ച ജസ്റ്റിന് 2018ലെ മഹാപ്രളയത്തിലും 2021ലെ കൂട്ടിക്കല്‍ ദുരന്തത്തിലും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. കൂട്ടിക്കല്‍ പ്രളയത്തില്‍ മുക്കുളം പ്രദേശത്ത് ഒറ്റപ്പെട്ട 20 ആളുകളെ വടംകെട്ടി പുല്ലുകയാറിന്റെ മറുകരയില്‍ എത്തിച്ചത് ജസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു.
പരിമിതമായ സാഹചര്യങ്ങളിലും മനുഷ്യസാധ്യമായതെല്ലാം ചെയ്യണമെന്നുള്ള ആഗ്രഹമാണ് വയനാട്ടിലേക്ക് എത്തിച്ചതെന്ന് ജസ്റ്റിന് പറയുന്നു. പത്തോളമാളുകളെ രക്ഷിക്കാനായി, ഒരുപാട് ആളുകളെ സഹായിച്ചു. ചെളിയിലും മണ്ണിലും അടിഞ്ഞുകൂടിയ മൃതദേഹാവശിഷ്ടങ്ങള്‍ എത്തിക്കുന്നതായിരുന്നു ഏറ്റവും ദുഃസഹമെന്ന് ജസ്റ്റിന് പറഞ്ഞു.
പാലായില്‍നിന്നു ജീപ്പിലാണ് യാത്ര ആരംഭിച്ചത്. അവശ്യമായ സാമഗ്രികളുമായി വയനാടെത്തിയെങ്കിലും ദുരന്തത്തിന്റെ മുമ്പില്‍ ഇതൊന്നുമല്ലായിരുന്നു. യാത്രയില്‍ കൊണ്ടുപോയ വടം ഉള്‍പ്പടെ പൊട്ടിപ്പോയി, പരിമിതമായ സാഹചര്യത്തിലും പരമാവധി പരിശ്രമിച്ചു, ജസ്റ്റിന് പറഞ്ഞു. കൂട്ടിക്കല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് സജീവമായിരുന്ന ജസ്റ്റിന് ഇത്തവണ രാഷ്ട്രപതിയുടെ ജീവന് രക്ഷാപതക്കിന് അര്‍ഹനായി.
സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രപതിയില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങും. ഭാര്യ: ജ്യോതി. തേജസ്, ജീവന് എന്നിവരാണ് മക്കള്‍. സാജിദ്, റാഷിദ്, മാഹിന്‍, സുലൈമാന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍.