അൽഫോൻസ തീർഥാടനം ഭക്തിസാന്ദ്രം; ജന്മഗൃഹത്തിലേക്ക് തീർഥാടക പ്രവാഹം
1441743
Sunday, August 4, 2024 1:51 AM IST
കുടമാളൂർ: അൽഫോൻസ തീർഥാടനം ഭക്തിസാന്ദ്രം. അൽഫോൻസാമ്മയുടെ ജന്മത്താൽ അനുഗൃഹീതമായ പുണ്യഭൂമിയിലേക്ക് സുകൃതജപങ്ങളും പ്രാർഥനാഗീതങ്ങളും ആലപിച്ച് പതിനായിരങ്ങൾ നടന്നെത്തി. ചെറുപുഷ്പ മിഷൻലീഗ് ചങ്ങനാശേരി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തിയ തീർഥാടനത്തിന്റെ തുടക്കം മുതൽ സമാപനം വരെ തീർഥാടകരുടെ പ്രവാഹമായിരുന്നു.
കുടമാളൂർ ഫൊറോനയിൽനിന്നുള്ള തീർഥാടകരാണ് ആദ്യം ജന്മഗൃഹത്തിൽ എത്തിയത്. ഫൊറോനയിലെ എല്ലാ ഇടവകകളിൽനിന്നുള്ള തീർഥാടകർ പനമ്പാലം സെന്റ് മൈക്കിൾസ് ചാപ്പൽ ജംഗ്ഷനിൽ സംഗമിച്ച ശേഷം ജന്മഗൃഹത്തിൽ പ്രവേശിച്ചു. ആർച്ച്പ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടം വിശുദ്ധ കുർബാനയിൽ മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നൽകി.
പുലർച്ചെ 5.30ന് വെട്ടിമുകൾ, കോട്ടയ്ക്കുപുറം, അതിരമ്പുഴ, ചെറുവാണ്ടൂർ എന്നിവിടങ്ങളിൽനിന്ന് ആരംഭിച്ച അതിരമ്പുഴ മേഖലാ തീർഥാടനങ്ങൾ ആർപ്പൂക്കര അമ്പലക്കവലയിൽ സംഗമിച്ച് 9.30ന് ജന്മഗൃഹത്തിലെത്തി. ഫൊറോന വികാരി റവ. ഡോ. ജോസഫ് മുണ്ടകത്തിൽ വിശുദ്ധ കുർബാനയിൽ മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നൽകി.
എടത്വ, ചമ്പക്കുളം, ആലപ്പുഴ, പുളിങ്കുന്ന്, മുഹമ്മ മേഖലകളിലെ തീർഥാടകർ രാവിലെ മാന്നാനം ആശ്രമ ദേവാലയത്തിൽ സംഗമിച്ചു. ആശ്രമം പ്രിയോർ റവ. ഡോ. കുര്യൻ ചാലങ്ങാടിയുടെ കാർമികത്വത്തിൽ നടത്തിയ പ്രാർഥനാ ശുശ്രൂഷയ്ക്കു ശേഷം ആരംഭിച്ച തീർഥാടനം ജന്മഗൃഹത്തിലെത്തി വിശുദ്ധ കുർബാന അർപ്പിച്ചു. മിഷൻലീഗ് എടത്വ മേഖലാ ഡയറക്ടർ ഫാ. ഏലിയാസ് കരിക്കണ്ടത്തിൽ മുഖ്യകാർമികത്വം വഹിച്ചു. ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ സന്ദേശം നൽകി.
കോട്ടയം, നെടുങ്കുന്നം, മണിമല, തൃക്കൊടിത്താനം, ചെങ്ങന്നൂർ മേഖലകളിൽനിന്നുള്ള തീർഥാടകർ കോട്ടയം സിഎംഎസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ സംഗമിച്ച ശേഷം കുടമാളൂർ പള്ളിയിലെത്തി വിശുദ്ധ കുർബാന അർപ്പിച്ചു. തൃക്കൊടിത്താനം മേഖലാ ഡയറക്ടർ ഫാ. ലൂക്കാ വെട്ടുവേലിക്കളം മുഖ്യകാർമികത്വം വഹിച്ചു. അതിരൂപത സിഞ്ചെല്ലൂസ് മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ സന്ദേശം നൽകി. വിശുദ്ധ കുർബാനയ്ക്കു ശേഷം ജന്മഗൃഹത്തിലെത്തി തീർഥാടനം സമാപിച്ചു.
ചങ്ങനാശേരി, തുരുത്തി മേഖലാ തീർഥാടനം പുലർച്ചെ 5.45ന് പാറേൽ മരിയൻ തീർഥാടന കേന്ദ്രത്തിൽനിന്ന് ആരംഭിച്ചു. കോട്ടയം സിഎംഎസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ കുറുമ്പനാടം മേഖലാ തീർഥാടനവുമായി സംഗമിച്ച് ഉച്ചകഴിഞ്ഞ് 2.30ന് ജന്മഗൃഹത്തിൽ എത്തിച്ചേർന്നു. ചങ്ങനാശേരി മേഖലാ ഡയറക്ടർ ഫാ. ഏബ്രഹാം തൊണ്ടിക്കാക്കുഴി വിശുദ്ധ കുർബാന അർപ്പിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി സന്ദേശം നൽകി. ജന്മഗൃഹത്തിലേക്കുള്ള മാർഗമധ്യേ കുടമാളൂർ പള്ളി അങ്കണത്തിൽ ആർച്ച്പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടത്തിന്റെ നേതൃത്വത്തിൽ തീർഥാടനത്തെ വരവേറ്റു. അമ്പൂരി, തിരുവനന്തപുരം, കൊല്ലം - ആയൂർ മേഖലകളിലെ തീർഥാടകർ വിവിധ സമയങ്ങളിൽ ജന്മഗൃഹത്തിൽ എത്തിച്ചേർന്നു.
വൈകുന്നേരം ചെറുപുഷ്പ മിഷൻലീഗ് അതിരൂപത ഡയറക്ടർ റവ. ഡോ. ആൻഡ്രൂസ് പാണംപറമ്പിൽ, അസി. ഡയറക്ടർമാരായ ഫാ. മാത്യു പുളിക്കൽ, ഫാ. ജോസഫ് പൊന്നാറ്റിൽ എന്നിവരുടെ കാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെ തീർഥാടന പരിപാടികൾ സമാപിച്ചു.
ആർച്ച്പ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടം, മിഷൻലീഗ് അതിരൂപത ഡയറക്ടർ റവ. ഡോ. ആൻഡ്രൂസ് പാണംപറമ്പിൽ, അസി. ഡയറക്ടർമാരായ ഫാ. മാത്യു പുളിക്കൽ, ഫാ. ജോസഫ് പൊന്നാറ്റിൽ, ജോ. ഡയറക്ടർ സിസ്റ്റർ ജെസ്ലിൻ തോമസ്, കുടമാളൂർ മേഖലാ ഡയറക്ടർ ഫാ. കുര്യൻ അമ്പലത്തുങ്കൽ, അൽഫോൻസാ ഭവൻ സുപ്പീരിയർ സിസ്റ്റർ എൽസിൻ എഫ്സിസി തുടങ്ങിയവർ നേതൃത്വം നൽകി.