കുട്ടികളില്‍ തക്കാളിപ്പനി പടരുന്നു, ജാഗ്രത വേണമെന്ന് ഡോക്ടര്‍മാര്‍
1441742
Sunday, August 4, 2024 1:51 AM IST
കോട്ടയം: ജില്ലയില്‍ കുട്ടികളില്‍ തക്കാളിപ്പനി പടരുന്നു. സാധാരണയായി അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളെ ബാധിക്കുന്ന രോഗമാണ് തക്കാളിപ്പനി അഥവാ ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ്. കോക്സാക്കി എന്ന വൈറസാണ് തക്കാളിപ്പനി ഉണ്ടാക്കുന്നത്. ഇതിനു തക്കാളിയുമായി യാതൊരുവിധ ബന്ധവുമില്ലെങ്കിലും ശരീരത്തു തക്കാളി പോലെ ചുവന്നതും വളരെ ചെറുതുമായ കുമിളകള്‍ കണ്ടുവരുന്നതുകൊണ്ടാണ് തക്കാളിപ്പനി എന്ന പേരു വന്നത്.
വൈറസ് ശരീരത്തില്‍ പ്രവേശിച്ച് ഏതാണ്ട് ഒരാഴ്ചയ്ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. ആദ്യത്തെ രണ്ടുദിവസം ശക്തമായ പനിയായി തുടങ്ങി പിന്നീട് കുട്ടികളുടെ കൈമുട്ട്, കാല്‍മുട്ട്, കൈവെള്ളയിലും പാദത്തിലും വായിലും ചുണ്ടിലും വായയുടെ ചുറ്റുമുള്ള ചര്‍മത്തിലും നെഞ്ചിലും വയറിലും പൃഷ്ഠഭാഗത്തും പുറത്തും മറ്റും കുമിളകള്‍ ഉണ്ടാകും. ഒപ്പം ക്ഷീണം, തൊണ്ടവേദന, ആഹാരവും വെള്ളവും ഇറക്കാന്‍ ബുദ്ധിമുട്ട് എന്നീ ലക്ഷണങ്ങളും കാണാറുണ്ട്.
ചിലരില്‍ കൈകാലുകളിലും വായിലും ചുവന്ന വെള്ളംനിറഞ്ഞ ചെറിയ കുമിളകള്‍ പ്രത്യക്ഷപ്പെടും. വായിലെ തൊലി പോവുകയും ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും. ഏതാനും ദിവസങ്ങള്‍ക്കകം കുമിളകള്‍ ഉണങ്ങും. രണ്ടാഴ്ചയില്‍ എല്ലാ ലക്ഷണങ്ങളും സാധാരണ ഗതിയില്‍ ഭേദമാകും.
എന്നാല്‍ ചിലര്‍ ആഴ്ചകളോളം വൈറസ് വാഹകരാകാം. തക്കാളിപ്പനി വൈറസ് പനിയാണെങ്കിലും അപകടകാരിയല്ല. വായില്‍ കുരുക്കള്‍ ഉണ്ടായിരിക്കുന്നതിനാല്‍ കുട്ടികള്‍ ആഹാരം കഴിക്കാന്‍ മടി കാണിക്കും. മുതിര്‍ന്നവര്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യത കുറവാണ്.
രോഗിയുടെ സ്രവങ്ങള്‍, സ്പര്‍ശിച്ച വസ്തുക്കള്‍ എന്നിവയിലൂടെയാണ് പനി പകരുന്നത്. അങ്കണവാടി, നഴ്സറി, സ്കൂള്‍ തുടങ്ങിയ കുട്ടികള്‍ അടുത്തിടപഴകാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ രോഗം വളരെ വേഗം പകരുകയും നിരവധി കുട്ടികള്‍ക്ക് ഒരുമിച്ചു രോഗം വരുന്നതും സാധാരണയാണ്. സംസ്ഥാനത്ത് ആദ്യമായി 2022-ല്‍ കൊല്ലം ജില്ലയിലാണ് തക്കാളിപ്പനി റിപ്പോര്‍ട്ട് ചെയ്തത്.
ചികിത്സ
പനിക്കുള്ള ചികിത്സ മാത്രം മതിയാകും. ആന്റിബയോട്ടിക്കുകള്‍ ആവശ്യമില്ല. കുട്ടിയുടെ ദേഹത്തുണ്ടാകുന്ന കുരുക്കള്‍ ഉണങ്ങി നാല്, അഞ്ച് ദിവസത്തിനുശേഷം കറുത്ത പാടുകളായി മാറിയശേഷം തന്നെ പൊളിഞ്ഞു പോവുകയാണ് പതിവായി കണ്ടുവരുന്നത്. തൊലി പൊളിഞ്ഞു പോകുന്ന സ്ഥലങ്ങളില്‍ വെള്ളപ്പാടുകള്‍ കാണപ്പെടുമെങ്കിലും ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ അതു തൊലിയുടെ കളറായി മാറും.
ചില കുട്ടികളില്‍ തക്കാളിപ്പനിയോടനുബന്ധിച്ചു ചുമ, കഫക്കെട്ട്, ഛര്‍ദി എന്നിവ വരാന്‍ സാധ്യയുണ്ട്. ഭക്ഷണവും വെള്ളവും ഇറക്കുമ്പോഴുള്ള വേദന മൂലം ആഹാരക്കുറവും നിര്‍ജലീകരണത്തിനും സാധ്യതയുള്ളതിനാല്‍ ഇടവിട്ട് പാനീയങ്ങളും പഴച്ചാറുകളും ഇറക്കാന്‍ എളുപ്പമുള്ള പരുവത്തില്‍ കഞ്ഞിയായും സൂപ്പായും നല്‍കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വായുവിലുടെയും അടുത്തിടപഴകുന്നതിലുടെയും ഒരു കുട്ടിയില്‍നിന്നു മറ്റൊരു കുട്ടിയിലേക്കു തക്കാളിപ്പനി പടരും.
പനി ബാധിച്ച കുട്ടിക്ക് എല്ലാവിധ ഭക്ഷണങ്ങളും നല്‍കാം. കുട്ടിയെ ദിവസവും കുളിപ്പിക്കാം.
ധാരാളം വെള്ളം കുടിപ്പിക്കുക. ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ടാല്‍ മൂത്രത്തില്‍ പഴുപ്പ് ഉള്‍പ്പെടെയുള്ള അണുബാധകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
കുട്ടികളുടെ ദേഹത്ത് ചൊറിച്ചില്‍ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം കലാമിന് ലോഷന്‍ തേച്ചുകൊടുക്കാം.
പനിയുള്ളപ്പോള്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം നാലു മുതല്‍ ആറു മണിക്കൂര്‍ വരെ ഇടവിട്ട് പാരസെറ്റാമോള്‍ നല്‍കാം.
കുട്ടികളുടെ ദേഹം തുടച്ചു കൊടുക്കാം.
പനി കൂടാതെ നോക്കണം. പനി കൂടിയാൽ കുട്ടികള്‍ക്കു ഫിറ്റ്സ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ചൂടില്ലാത്തതും എരുവില്ലാത്തതുമായ ആഹാര സാധനങ്ങള്‍ നല്‍കാം.
പഴങ്ങള്‍, പഴച്ചാറുകള്‍, ജ്യൂസുകള്‍ എന്നിവ ധാരാളമായി നല്‍കുക.
രോഗലക്ഷണങ്ങള്‍ പൂര്‍ണമായും ഭേദമായ ശേഷം മാത്രം കുട്ടിയെ സ്കൂളില്‍ അയയ്ക്കുകയും മറ്റുള്ളവരുമായി ഇടപഴകാന്‍ അനുവദിക്കുകയും ചെയ്യുക.
വിവരങ്ങള്‍ക്കു കടപ്പാട്: ഡോ. ജിസ് തോമസ് പാലുകുന്നേല്‍
(ചീഫ് പീഡിയാട്രിഷന്, മാര്‍ സ്ലീവാ മെഡിസിറ്റി, പാലാ)