റിക്കാർഡ് ഓർമശക്തി പ്രകടിപ്പിച്ച ദേവാൻഷിക്ക് അനുമോദനം
1441738
Sunday, August 4, 2024 1:51 AM IST
പൊൻകുന്നം: 2.38 മിനിറ്റുകൊണ്ട് 203 രാജ്യങ്ങളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേര് പറഞ്ഞ് ഓർമശക്തിയിൽ മികവ് തെളിയിച്ച അഞ്ചുവയസുകാരി ദേവാൻഷി എസ്. കൃഷ്ണയ്ക്ക് നാടിന്റെ അനുമോദനം. ഓൺലൈനിൽ നടന്ന മത്സരത്തിൽ പങ്കെടുത്ത് മൂന്ന് വേൾഡ് റിക്കാർഡുകൾ അടുത്തിടെ ദേവാൻഷി നേടിയിരുന്നു.
ബ്രസീൽ മുതൽ ഇന്ത്യ വരെ 203 രാജ്യങ്ങളുടെ തലസ്ഥാനങ്ങൾ, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാനവും രാജ്യത്തെ ഇതുവരെയുള്ള പ്രസിഡന്റുമാരുടെയും പ്രധാനമന്ത്രിമാരുടെയും പേരുകളും അവരുടെ സ്ഥാനാരോഹണക്രമത്തിൽ ഓർമിച്ചു പറയും.
ഇളങ്ങുളം സെന്റ് മേരീസ് എൽപി സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിനിയായ ദേവാൻഷി ഇളങ്ങുളം മാധവത്തിൽ ദീപു കൃഷ്ണയുടെയും ശില്പയുടെയും മൂന്നാമത്തെ മകളാണ്. നന്ദന എസ്. കൃഷ്ണ, ശിവാനി എസ്. കൃഷ്ണ എന്നിവരാണ് സഹോദരങ്ങൾ.
എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് ഉപഹാരം നൽകി അനുമോദിച്ചു. സ്കൂൾ അധ്യാപക രക്ഷാകർതൃസമിതിയുടെ പുരസ്കാരം സ്കൂൾ മാനേജർ ഫാ. ഡാർവിൻ വാലുമണ്ണേൽ സമ്മാനിച്ചു. കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ വിജ്ഞാനകേന്ദ്രം ഉദ്ഘാടനവേദിയിൽ മുൻമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കും ദേവാൻഷിക്ക് പുരസ്കാരം നൽകി.