ദുരിതബാധിതർക്ക് കൈത്താങ്ങ്
1441737
Sunday, August 4, 2024 1:51 AM IST
വാഴൂർ: വയനാട് ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് കൈത്താങ്ങായി വാഴൂർ മുസ്ലിം ജമാഅത്ത് യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ അവശ്യ വസ്തുക്കളുമായി ആദ്യഘട്ട വാഹനം പുറപ്പെട്ടു.
രക്ഷാധികാരിയും ജമാഅത്ത് പ്രസിഡന്റുമായ ടി.എച്ച്. ഉമ്മറിന്റെയും ജമാഅത്ത് പരിപാലന സമിതിയംഗങ്ങളുടെയും നേതൃത്വത്തിൽ യൂത്ത് വിംഗ് പ്രവർത്തകർ സമാഹരിച്ച ബെഡ്, ഷീറ്റ്, ബക്കറ്റ്, പായ, അരി, ഭക്ഷ്യവസ്തുക്കൾ, മെഡിക്കൽ കിറ്റുകൾ, നാപ്കിൻസ്, ചെരുപ്പുകൾ ഉൾപ്പെടെയുള്ള സാധനങ്ങളാണ് വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിച്ചത്. യൂത്ത് വിംഗ് പ്രസിഡന്റ് മുഹമ്മദ് സാലി, സെക്രട്ടറി നാസിം നൗഷാദ്, കമ്മിറ്റിയംഗം മുഹമ്മദ് ആരിഫ്, കരിമ്പിൽ അബ്ദുൽ സത്താർ എന്നിവർ നേതൃത്വം നൽകി.
പുഞ്ഞാർ: വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരുടെ കണ്ണുനീരൊപ്പാൻ കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയും നിയോജകമണ്ഡലം കമ്മറ്റിയും സമാഹരിച്ച വസ്ത്രങ്ങളും ഭക്ഷ്യധാന്യങ്ങളും മാസ്കും കുടിവെള്ളവും സാനിറ്റൈസറും വയനാട്ടിലേക്ക് അയച്ചു. പൂഞ്ഞാർ തെക്കേക്കരയിലെ കർഷക കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും നേതൃത്വത്തിലാണ് സമാഹരണം നടത്തിയത്.
ചെമ്മലമറ്റം: ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ റെഡ്ക്രോസ് അംഗങ്ങൾ വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും ശേഖരിച്ചു. ശേഖരിച്ച സാധനങ്ങൾ റെഡ്ക്രോസ് സംഘടന വഴി വയനാട്ടിൽ എത്തിക്കും. ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ്, അധ്യാപകർ എന്നിവർ നേതൃത്വം നൽകി.