ജില്ലാ കൃഷിത്തോട്ടത്തിൽ നിറയുന്നത് പച്ചിലപ്പടർപ്പുകൾ
1441689
Saturday, August 3, 2024 7:21 AM IST
കുറവിലങ്ങാട്: ജില്ലാ കൃഷിത്തോട്ടത്തിൽ പുറംഭിത്തികൾ ബലപ്പെടുത്തുന്നു. ചുറ്റുമതിൽ നിർമ്മാണത്തിനായി ഭിത്തികൾ പലയിടത്തും പൊളിച്ചുനീക്കിയതോടെ വെളിച്ചത്തായത് പച്ചിലപ്പടർപ്പുകൾ തിങ്ങിനിറഞ്ഞ കാഴ്ചകൾ. കോഴാ സെന്റ് ജോസഫ് കപ്പേള- മണ്ണയ്ക്കനാട് റോഡ് ഭാഗത്താണ് രണ്ടിടങ്ങളിലായി ചുറ്റുമതിലിന്റെ കേടുപാടുകൾ തീർത്തത്.
ഈ ഭാഗങ്ങളിലെല്ലാം പച്ചിലപ്പടർപ്പുകൾ തിങ്ങിനിറഞ്ഞ് റോഡിലേക്കും എത്തിയിരിക്കുകയാണ്. ഇവിടെ റോഡിൽ നിൽക്കുന്ന വൈദ്യുതിത്തൂണുകളിലേക്കുപോലും ജില്ലാ കൃഷിത്തോട്ടത്തിൽനിന്നുള്ള തോട്ടപ്പയറും വള്ളിപ്പടർപ്പുകളും തകർത്തു വളരുകയാണ്.
ജാതിയും വൻ മരങ്ങളും ഫലവൃക്ഷങ്ങളുമടക്കം കൃഷിചെയ്തിരിക്കുന്ന ഭാഗത്താണ് തോട്ടപ്പയർ തഴച്ചുവളരുന്നത്. ഒടിഞ്ഞ മരങ്ങളും വൃക്ഷത്തലപ്പുകളും തോട്ടപ്പയറുമൊക്കെ തഴച്ചുവളരുന്ന ഫാമിലെ കൂടുതൽ അകക്കാഴ്ചകൾ എന്തായിരിക്കുമെന്നതാണ് നാട്ടിലെ സംസാരം.