അൽഫോൻസാ തീർഥാടകരെ വരവേൽക്കാനൊരുങ്ങി കുടമാളൂർ
1441672
Saturday, August 3, 2024 7:08 AM IST
കുടമാളൂർ: അൽഫോൻസാ ജന്മഗൃഹത്തിലേക്കും കുടമാളൂർ പള്ളിയിലേക്കും ഒഴുകിയെത്തുന്ന അൽഫോൻസാ തീർഥാടകരെ വരവേൽക്കാൻ കുടമാളൂർ പള്ളിയും നാട്ടുകാരും വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
എത്തുന്ന മുഴുവൻ തീർഥാടകർക്കും നേർച്ചഭക്ഷണം നൽകുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ആർച്ച്പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടം പറഞ്ഞു. കുടമാളൂർ പള്ളി ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ഭക്ഷണ വിതരണം ഉച്ചകഴിഞ്ഞ് 2.30 വരെ തുടരും. 20,000 പേർക്കുള്ള ചോറും കറികളുമാണ് ഒരുക്കുന്നത്.
ഭക്ഷണം തയാറാക്കുന്നതിനുള്ള ഒരുക്കങ്ങൾ വ്യാഴാഴ്ച ആരംഭിച്ചു. ഇടവകയിലെ വീട്ടമ്മമാർ ചേർന്ന് അച്ചാർ തയാറാക്കി. ഇന്നലെ രാവിലെ മുതൽ കറികൾക്കുള്ള പച്ചക്കറികൾ ഒരുക്കാൻ ആരംഭിച്ചു. വൈകുന്നേരത്തോടെ അടുപ്പുകൾ കൂട്ടി.
കാൽനടയായി കോട്ടയം, ചുങ്കം, വാരിശേരി, പുല്ലരിക്കുന്ന് വഴി എത്തുന്ന തീർഥാടകർക്ക് വഴിനീളെ ദാഹജലവും സംഭാരവും ലഘുഭക്ഷണവുമെല്ലാം നൽകും. നാനാജാതി മതസ്ഥരായ നാട്ടുകാരും വിവിധ സംഘടനകളുമാണ് ഇവ ഒരുക്കുന്നത്.