കൂലി വര്‍ധന: യൂണിയനുകളുടെ ആവശ്യത്തിനെതിരേ റബര്‍ ടിംബര്‍ മര്‍ച്ചന്റ് അസോസിയേഷന് രംഗത്ത്
1441469
Friday, August 2, 2024 10:47 PM IST
കോട്ടയം: റബര്‍ത്തടി, പാഴ്ത്തടി എന്നിവയുടെ നിലവിലുള്ള കൂലിയുടെ 40 ശതമാനം വര്‍ധിപ്പിക്കണമെന്ന യൂണിയനുകളുടെ ആവശ്യത്തിനെതിരേ റബര്‍ ടിംബര്‍ മര്‍ച്ചന്റ് അസോസിയേഷന് രംഗത്ത്.
ജില്ലയില്‍ ഒരു കൂലി എന്ന തീരുമാനം എടുക്കുകയും ജില്ലാ ലേബര്‍ ഓഫീസറുടെ മുമ്പില്‍ ജില്ലയിലെ മുഴുവന്‍ യൂണിയനുകളും ഒപ്പുവയ്ക്കുകയും ചെയ്തിട്ടും അതിനു വിരുദ്ധമായി ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും തൊഴിലാളികള്‍ സ്വന്തം ഇഷ്ടത്തിനനുസരിച്ചു വ്യാപാരികളെ ഭീഷണിപ്പെടുത്തി കൂലി മേടിക്കുകയാണ്. ഇതുമൂലം വ്യാപാരികള്‍ പ്രതിസന്ധിയിലാണ്. കച്ചവടം നടത്താന്‍ പറ്റാത്ത സ്ഥിതിയാണ്.
രണ്ടു വര്‍ഷം മുമ്പാണ് കൂലിവര്‍ധന നടപ്പാക്കിയത്. സെലക്ഷന് ഒമ്പത് അടിക്ക് 900 രൂപയും നാലര അടിക്ക് 871 രൂപയുമാണ് കൂലി. വിറകിന് 565, വെള്ളക്കട്ട 625, ലോക്കല്‍ 650 എന്നിങ്ങനെയാണു മറ്റു കൂലി നിരക്കുകള്‍. നിലവില്‍ തൊഴിലാളികള്‍ വാഹനത്തില്‍ തടി കയറ്റുന്ന ജോലി മാത്രമാണു ചെയ്യുന്നത്.
ബാക്കി ജോലികള്‍ക്കായി കച്ചവടക്കാരന് വാള് പണിക്കാരനെയാണ് നിയോഗിക്കുന്നത്. മെഷീന് സഹിതം രണ്ടു തൊഴിലാളികള്‍ എത്തുന്നതിന് 6500 രൂപ നല്‍കണം. മുന്‍ കാലങ്ങളില്‍ മരത്തില്‍ കയറി കയറിടുന്നതും മരം മുറിക്കുന്നതും ചുമക്കുന്നതും തൊഴിലാളികളായിരുന്നു. ഇപ്പോള്‍ തൊഴിലാളികള്‍ക്ക് ജോലി എളുപ്പമായി.
സാധാരണ തടിക്ക് 8500 രൂപ വരെ ലഭിക്കും. നല്ല തടി 24 ഇഞ്ചില്‍ കയറ്റി വിട്ടാല്‍ 9500 രൂപ വരെ ലഭിക്കും.
പാഴ് തടികള്‍ക്കു 7500 രൂപയുമാണ് ലഭിക്കുന്നത്. തൊഴിലാളിക്ക് കൂലിയും വാഹനക്കൂലിയും നല്കിക്കഴിഞ്ഞാല് പിന്നെ കച്ചവടക്കാരന് ഒന്നും ലഭിക്കാത്ത അവസ്ഥയാണ്. ഇതുമൂലം പലരും റബര്‍ത്തടി കച്ചവടം അവസാനിപ്പിച്ചു.
തൊഴിലാളികളുടെ കൂലിവര്‍ധന ആവശ്യത്തില്‍ തീരുമാനമെടുക്കാനും നിയമപരമായി എന്തു നടപടി സ്വീകരിക്കണമെന്നു ആലോചിക്കുന്നതിനുമായി റബര്‍ ടിംബര്‍ മര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വ്യാപാരികളുടെയും ഒരു യോഗം നാലിന് ഉച്ചകഴിഞ്ഞ് രണ്ടിന് പാലായില്‍ ചേരും.
പത്രസമ്മേളനത്തില്‍ അസോസിയേഷന് പ്രസിഡന്റ് ജയ്സണ്‍ മുടക്കാലില്‍, സെക്രട്ടറി സുബൈര്‍ മാട്ടയില്‍, റെജി പൊന്‍കുന്നം, ഈപ്പച്ചന് മേലുകാവ്, അനില്‍ പാലാ എന്നിവര്‍ പങ്കെടുത്തു.