കാടുകയറി റബര്‍ത്തോട്ടങ്ങള്‍: കാടുവെട്ടാന്‍ സാമ്പത്തിക സഹായം അനുവദിക്കണം
1441468
Friday, August 2, 2024 10:47 PM IST
കോട്ടയം: ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്ക് കൃഷിസഹായം ഉദാരമായി ലഭിച്ചില്ലെങ്കില്‍ റബര്‍ ഉത്പാദനം വീണ്ടും കുറയും. ഷീറ്റ് വില 240 രൂപയോട് അടുക്കുമ്പോഴും കേരളത്തിലെ 45 ശതമാനം തോട്ടങ്ങളിലും ഈ സീസണില്‍ ടാപ്പിംഗ് പുനരാരംഭിച്ചിട്ടില്ല. കാടുവെട്ടിത്തെളിക്കുന്നതിലെ ഭാരിച്ച ചെലവ് കര്‍ഷകര്‍ക്ക് താങ്ങാനാവുന്നില്ല. റബര്‍ ചുവടുവട്ടവും തോട്ടത്തിലെ വഴിയും തെളിക്കാതെ ടാപ്പിംഗ് സാധിക്കില്ലെന്നാണ് ടാപ്പിംഗ് തൊഴിലാളികളുടെ നിലപാട്.
തോട്ടങ്ങളില്‍ പാമ്പ്, കുറുക്കന്, നരി, പന്നി എന്നിവയുടെ ശല്യം മുന്‍വര്‍ഷങ്ങളെക്കാള്‍ വര്‍ധിച്ചിരിക്കുന്നു. മലയോരമേഖലയില്‍ ആനയും കടുവയും ഭീഷണി ഉയര്‍ത്തുന്നു. മഴക്കാലം നീളുന്നതിനാല്‍ വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും കാടുവെട്ടിത്തെളിക്കേണ്ട സാഹചര്യമാണുള്ളത്. ഒരേക്കര്‍ തോട്ടം തെളിക്കാന്‍ ഇരുപതിനായിരം രൂപയോളമാണ് ചെലവ്. ടാപ്പിംഗ്, സംസ്കരണം, വളം എന്നിവയുടെ ഭാരിച്ച ചെലവിനൊപ്പം കാടുവെട്ട് ബാധ്യതയായതിനാലാണ് ഏറെപ്പേരും ടാപ്പിംഗ് വേണ്ടെന്നുവയ്ക്കുന്നത്.
മാത്രമല്ല നിലവിലെ വിലവര്‍ധന എത്രകാലത്തോളം തുടരുമെന്നതിലും വ്യക്തതയില്ല. കാട് വെട്ടിത്തെളിക്കുന്നതില്‍ ഉദാരമായ സബ്സിഡി റബര്‍ ബോര്‍ഡ് നല്കാന് തയാറാകുന്നില്ലെങ്കില്‍ ഇക്കൊല്ലവും ഉത്പാദനം കുറയാനാണ് സാധ്യത. നിലവില്‍ ഇത്തരമൊരു പദ്ധതി റബര്‍ ബോര്‍ഡിന്റെ പരിഗണനയില്ല. തോട്ടങ്ങള്‍ വെട്ടിത്തെളിക്കുന്ന ജോലി തൊഴിലുറപ്പുകൂലിയില് പഞ്ചായത്തുകള്‍ ഏറ്റെടുത്താൽ വലിയ ആശ്വാസമാകും. റബര്‍ നാണ്യവിളയുടെ ലിസ്റ്റിലായതിനാല്‍ ഇതിന് നിയമപരിമിതിയുണ്ടെന്നാണ് തദ്ദേശസ്ഥാപനങ്ങളുടെ വിശദീകരണം. മഴമറ ഇടുന്നതില്‍ ഹെക്ടറിന് നാലായിരം രൂപ സബ്സിഡി പ്രഖ്യാപിച്ചത് റബര്‍ ബോര്‍ഡ് കര്‍ഷകര്‍ക്ക് നല്‍കിയിട്ടില്ല. മഴ ശക്തമായതിനാല്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ അയ്യായിരം ടണ്ണില്‍ താഴെയാണ് റബര്‍ ഉത്പാദനം.