പ്ലീഹ ഗ്രന്ഥിയിലെ മുഴ നീക്കംചെയ്തു
1441467
Friday, August 2, 2024 10:47 PM IST
കോട്ടയം: നാഗന്പടം എസ്എച്ച് മെഡിക്കല്‍ സെന്ററില്‍ 21 വയസുള്ള യുവാവിന്റെ പ്ലീഹ ഗ്രന്ഥിയിലെ 20 സെന്റിമീറ്റര്‍ വലുപ്പവും രണ്ടര കിലോ തൂക്കവുമുള്ള മുഴ താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.
കുഴിമറ്റം സ്വദേശിയായ യുവാവ് വയറിന്റെ മുകള്‍ഭാഗത്ത് തടിപ്പും കടുത്ത വയറുവേദനയുമായാണ് ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് സിടി സ്കാന്‍ പരിശോധനയില്‍ പ്ലീഹ ഗ്രന്ഥിയില്‍ മുഴയുണ്ടെന്ന് സ്ഥിരീകരിച്ചു.
താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ പ്ലീഹ ഗ്രന്ഥി നീക്കം ചെയ്യാതെതന്നെ മുഴ പൂര്‍ണമായും പുറത്തെടുക്കാന്‍ കഴിഞ്ഞു. ലാപ്രോസ്കോപ്പിക് സര്ജന്മാരായ ഡോ. കെ. കിരണ്‍, ഡോ. ബിബിന്‍ പി. മാത്യു എന്നിവരുടെ നേതൃത്വത്തില്‍ അനസ്തറ്റിസ്റ്റ് ഡോ. സന്തോഷ് സക്കറിയ, ഡോ. ആനി വിനയ, റേഡിയോളജിസ്റ്റ് ഡോ. ജേക്കബ് ജോസ്, സ്റ്റാഫ് നഴ്സ് റീജ, ടിന്റു തുടങ്ങിയവരടങ്ങിയ സംഘമാണ് വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.
പൂര്‍ണമായും താക്കോല്‍ദ്വാര ശസ്ത്രക്രിയയായതിനാലും പ്ലീഹ ഗ്രന്ഥി നീക്കം ചെയ്യാത്തതിനാലും രോഗിക്ക് ഉടന്‍ ആശുപത്രി വിടാന്‍ സാധിച്ചെന്നു ഡയറക്ടര്‍ സിസ്റ്റര്‍ കാതറിന് നെടുമ്പുറം എസ്എച്ച് അറിയിച്ചു.