റംബുട്ടാന് പഴുത്തപ്പോള്‍ വവ്വാല് ശല്യം; വലയില്‍ പൊതിഞ്ഞ് തോട്ടങ്ങള്‍
1441466
Friday, August 2, 2024 10:47 PM IST
കോട്ടയം: കൊടുംവേനലിനു പിന്നാലെ പെരുമഴ. റംബുട്ടാന് കായ്കള്‍ പകുതിയോളം ഇക്കൊല്ലം കൊഴിഞ്ഞു. ഇക്കൊല്ലം ഒരിക്കവും വരാത്ത വിധം വവ്വാല് ശല്യവും. പഴുക്കാറായതോടെ കുരങ്ങും എലിയും കിളികളും വിളവെടുക്കാനെത്തിയിരിക്കുന്നു. റംബുട്ടാന് കായ്കള്‍ ഏറെയിടങ്ങളിലും പഴുത്തും ചനച്ചും തുടങ്ങിയിട്ടുണ്ട്. വിളവെടുപ്പിന്റെ ഒന്നാം ഘട്ടം ഉടന്‍ തുടങ്ങും.
കിളികളും വവ്വാലും പ്രശ്നമുണ്ടാക്കാതിരിക്കാന്‍ മരം അപ്പാടെ വലയില്‍ പൊതിയുകയേ തരമുള്ളൂ. അതും കര്‍ഷകര്‍ക്ക് ഭാരിച്ച ചെലവായി മാറിയിട്ടുണ്ട്. പഴങ്ങള്‍ മൊത്തമായി വാങ്ങാന്‍ പതിവു കച്ചവടക്കാര്‍ കര്‍ഷകരെ സമീപിക്കുന്നുണ്ട്.
ശരാശരി കിലോയ്ക്ക് 80 രൂപയ്ക്ക് മുകളിലാണ് മൊത്തവില. ചില്ലറ വില 130-160 രൂപ. പഴത്തിന്റെ ഇനവും കാമ്പും അടിസ്ഥാനമാക്കിയാണ് റംബുട്ടാന് വില. ജില്ലയില്‍നിന്നു പഴങ്ങള്‍ വാങ്ങി ഗള്‍ഫിലേക്കും വടക്കേ ഇന്ത്യയിലേക്കും അയയ്ക്കുന്ന ബിസിനസ് സംരംഭങ്ങള്‍ പലതാണ്.
ഏപ്രില്‍, മേയ് മാസങ്ങളിലെ റിക്കാര്‍ഡ് ചൂടില്‍ മുന്‍പില്ലാത്ത വിധം പൂവും കായും കൊഴിഞ്ഞതിനാല്‍ വിളവെടുപ്പില്‍ വലിയ സാമ്പത്തിക നേട്ടം ഇക്കൊല്ലമില്ല. നിപ ഭീതി കഴിഞ്ഞ വര്‍ഷം പഴം വില്പനയെ ബാധിച്ചിരുന്നു. മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ റബറിന് പകരം മുള്ളന്‍പഴം അഥവാ റംബുട്ടാന് വന്‍തോതില്‍ കൃഷിചെയ്തിരിക്കുന്ന ഏറെപ്പേരുണ്ട്. മലേഷ്യന്‍, വിയറ്റ്നാം ബഡ് ഇനങ്ങള്‍ക്കാണ് വിലയും വിപണിയുമുള്ളത്.
മഞ്ഞ, ചുവപ്പ് നിറങ്ങളില്‍ പഴുക്കുന്ന റംബുട്ടാന് തൈകള്‍ക്ക് ഈ സീസണിലും നന്നായി വില്പനയുണ്ട്.