ആശ്വാസതീരമായി അൽഫോൻസാ ജന്മഗൃഹം
1441464
Friday, August 2, 2024 10:47 PM IST
കുടമാളൂർ: വിശുദ്ധ അൽഫോൻസാമ്മ ജനിച്ച ഭവനം ഇന്നും വിശ്വാസികൾക്ക് ആശ്വാസ തീരമാണ്. ഇവിടെ എത്തി പ്രാർഥിക്കുന്നവർ തങ്ങളുടെ ജീവിതപ്രശ്നങ്ങളിൽ ആശ്വാസം കണ്ടെത്തുന്നു. അവരുടെ ഉദ്ദിഷ്ടകാര്യങ്ങൾ സാധിതമാകുന്നു. അൽഫോൻസാമ്മയുടെ മാധ്യസ്ഥ്യം തേടിയെത്തുന്നവർ ആരും നിരാശരാകുന്നില്ലെന്നത് വിശ്വാസികളുടെ അനുഭവസാക്ഷ്യം.
അൽഫോൻസാമ്മ ജനിച്ച ഭവനം 1971ലാണ് എഫ്സിസി സന്യാസിനീസമൂഹം ഏറ്റെടുക്കുന്നത്. 1975 സെപ്റ്റംബർ എട്ടിന് ഇവിടെ മഠം സ്ഥാപിച്ചു. 1976ൽ അൽഫോൻസാമ്മയുടെ 30-ാം ചരമവാർഷികാചരണത്തോടനുബന്ധിച്ച് ആദ്യമായി ഇവിടെ വിശുദ്ധ കുർബാന അർപ്പിച്ചു. അന്നു മുതൽ വിശ്വാസികൾ ഇവിടെയെത്തി പ്രാർഥിക്കാൻ തുടങ്ങി. ജന്മഗൃഹത്തോടനുബന്ധിച്ച് നിർമിച്ച ചാപ്പൽ കൂദാശ ചെയ്തത് 1987ലാണ്.
മൂന്നുപതിറ്റാണ്ടു മുമ്പ് ജന്മഗൃഹം നവീകരിച്ചു. ജന്മഗൃഹം അതേപടി നിലനിർത്തി അതിനു ചുറ്റുമായി മ്യൂസിയം ക്രമീകരിച്ചിരിക്കുന്നു. ജന്മഗൃഹത്തിന് നാല് മുറികളാണുള്ളത്. ഒരു മുറിയിൽ അൽഫോൻസാമ്മ ജനിച്ച മുറിയിലുണ്ടായിരുന്ന കട്ടിൽ ഉണ്ട്. വിശ്വാസികൾ പ്രധാനമായും പ്രാർഥിക്കുന്നത് ഇവിടെയാണ്. തൊട്ടടുത്തുള്ള മുറി ആദ്യകാലത്തെപ്പോലെതന്നെ ചാണകം മെഴുകി സൂക്ഷിച്ചിരിക്കുന്നു. ഇവിടെ നേർച്ചയായി ചാണകം മെഴുകാൻ അനേകം വിശ്വാസികൾ എത്തുന്നു. സന്താന സൗഭാഗ്യത്തിനു വേണ്ടിയാണ് പ്രധാനമായും ഈ നേർച്ചയ്ക്ക് അണയുന്നത്. ഇവിടത്തെ പ്രാർഥനയിലൂടെ ലഭിച്ച നവജാത ശിശുക്കളെ അൽഫോൻസാമ്മയുടെ മുറിയിലെ കട്ടിലിൽ കിടത്തി പ്രാർഥിക്കുന്നതിനായും വിശ്വാസികൾ എത്തുന്നു.
1986 മുതൽ 88 വരെ അതിരമ്പുഴ ഫൊറോനയിലെ മിഷൻലീഗ് പ്രവർത്തകർ കുടമാളൂർ പള്ളിയിൽ നിന്ന് അൽഫോൻസാ ജന്മഗൃഹത്തിലേക്ക് അൽഫോൻസാ റാലി നടത്തി. 1989ലാണ് അന്നത്തെ മിഷൻലീഗ് അതിരൂപതാ ഡയറക്ടർ റവ.ഡോ. മാണി പുതിയിടത്തിന്റെ നേതൃത്വത്തിൽ ജന്മഗൃഹത്തിലേക്ക് അൽഫോൻസാ തീർഥാടനം ആരംഭിച്ചത്.
തീർഥാടന ദിനത്തിലും തുടർന്ന് ഓഗസ്റ്റ് 10 മുതൽ 19 വരെ ജന്മഗൃഹത്തിൽ നടക്കുന്ന ജനന തിരുനാൾ ദിനങ്ങളിലും പ്രാർഥനാ നിയോഗങ്ങളുമായി ആയിരക്കണക്കിന് തീർഥാടകരാണ് ജന്മഗൃഹം സന്ദർശിക്കുന്നത്. ആണ്ടുവട്ടത്തിൽ ഏതു സമയത്തും എത്തുന്ന തീർഥാടകരെ ഹൃദ്യമായി വരവേൽക്കുന്നതിനും അവർക്കുവേണ്ടി പ്രാർഥിക്കുന്നതിനും ക്ലാരിസ്റ്റ് സന്യാസിനികൾ താൽപര്യത്തോടെയുണ്ട്.