വീണ്ടും മാലിന്യം പ്രശ്നം; ജനറൽ ആശുപത്രി ജീവനക്കാർക്കു ബോധവത്കരണം
1441441
Friday, August 2, 2024 10:47 PM IST
കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രി ജീവനക്കാര്‍ക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെ ബോധവത്കരണം. താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി നടത്തിയ പരിശോധനയിൽ ആശുപത്രി പരിസരത്ത് മാലിന്യങ്ങള്‍ അലക്ഷ്യമായി തള്ളിയതായി കണ്ടെത്തിയതിനെത്തുടർന്നാണ് ജീവനക്കാർക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ബോധവത്കരണം നടത്തിയത്.
ശുചിത്വമില്ലാതെ പ്രവര്‍ത്തിച്ചതിനെത്തുടര്‍ന്ന് പഞ്ചായത്തും ആരോഗ്യ വകുപ്പും ചേര്‍ന്ന പൂട്ടിയ ശേഷം വീണ്ടും തുറന്ന് കാന്റീനില്‍ വീണ്ടും ശുചിത്വപ്രശ്നം പരിശോധനയില്‍ കണ്ടെത്തി. കാന്റീനിന്റെ പിന്‍ഭാഗത്ത് മലിനംജലം ഒഴുകി ദുര്‍ഗന്ധം വമിക്കുന്നതായും കാന്റീനും പോസ്റ്റ്മോര്ട്ടംമുറി അടുത്ത് പ്രവര്‍ത്തിക്കുന്നതായും ഇതിനുസമീപം തന്നെ പാത്രങ്ങള്‍ കഴുകിവയ്ക്കുന്നതായും കണ്ടെത്തി. കാന്റീന് സമീപത്ത് ഖരമാലിന്യങ്ങളും കൂട്ടിയിട്ടിട്ടുണ്ട്. അലക്ഷ്യമായി ഇട്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ കൂടി മഴവെള്ളം ഒഴുകുന്ന സ്ഥിതിയിലായിരുന്നു. മാലിന്യം ഇടുന്നതിനുള്ള വേസ്റ്റ് ബിന്നുകളും മുന്നറിയിപ്പ് ബോര്‍ഡുകളും ഇല്ലെന്നും പരിശോധനയില്‍ കണ്ടെത്തിയതായി ലീഗല്‍ സര്‍വീസ് ഭാരവാഹികള്‍ അറിയിച്ചു.
കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനും ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റുമായ നസീബ് എ. അബ്ദുൾ റസാഖ് ഖരമാലിന്യ നിര്മാര്ജനത്തെക്കുറിച്ചു ബോധവത്കരണം നടത്താന്‍ നിര്‍ദേശിച്ചു. പാനല്‍ ലോയര്‍ മുരളീധരന്, പാരാ ലീഗല്‍ വോളണ്ടിയര്‍ സോജ ബേബി എന്നിവര്‍ ബോധവത്കരണ ക്ലാസിനു നേതൃത്വം നൽകി.