എരുത്വാപ്പുഴ മലവേടർ കോളനിയിൽ ഒരു കോടിയുടെ പദ്ധതി പുനഃക്രമീകരിക്കും
1441440
Friday, August 2, 2024 10:46 PM IST
കണമല: അടിസ്ഥാന സൗകര്യ വികസനത്തിന് അനുവദിച്ച ഒരു കോടി രൂപ പൂർണമായും ചെലവിടുമെന്നും ദുരിതപൂർണമായ ജീവിത സാഹചര്യങ്ങളിൽ നിന്ന് എരുത്വാപ്പുഴ പട്ടികവർഗ മലവേടർ കോളനിയെ വികസനത്തിലൂടെ മുഖ്യധാരയിലെത്തിക്കുമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് വികസന പദ്ധതികൾ നടപ്പിലാക്കാൻ വൈകുന്നത് സംബന്ധിച്ച പ്രശ്ന പരിഹാരത്തിനായി എരുത്വാപ്പുഴയിൽ ചേർന്ന ഊരുകൂട്ട യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു എംഎൽഎ.
ആദിവാസി വിഭാഗങ്ങൾക്ക് സർക്കാർ വൻ തുക ചെലവിടുന്നതായി പറയുമ്പോൾ എരുത്വാപ്പുഴയിൽ മലവേടർ കുടുംബങ്ങൾ ഇന്നും ദുരിതപൂർണമായ സാഹചര്യത്തിലാണ് ജീവിക്കുന്നതെന്ന് ഊരുമൂപ്പൻ കേളൻ ഗോപി യോഗത്തിൽ അറിയിച്ചു.
പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ആളുകൾ ഏറ്റവും അധികം ദുരിത പൂർണമായ സാഹചര്യങ്ങളിൽ താമസിക്കുന്ന ഇടങ്ങളിൽ ഒന്നാണ് എരുമേലി പഞ്ചായത്തിലെ എരുത്വാപ്പുഴ മലവേടർ നഗർ. തൊണ്ണൂറോളം പട്ടികവർഗ കുടുംബങ്ങൾ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ വളരെ പ്രയാസകരമായ സാഹചര്യത്തിലാണ് ഇവിടെ ജീവിക്കുന്നത്.
ഇവർക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി വേണ്ടുന്ന ഒരു കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. എന്നാൽ ഇത് ഉപയോഗിച്ച് ആവശ്യമായ പ്രവർത്തികൾ നടത്തുന്നതിന് ചില പ്രായോഗിക തടസങ്ങൾ നേരിട്ടതിനെ തുടർന്ന് പദ്ധതി പുനഃക്രമീകരിക്കുന്നതിനും പ്രദേശവാസികളുടെ ആവശ്യങ്ങൾ അറിയുന്നതിനും വേണ്ടിയാണ് ഊരുകൂട്ട യോഗം ചേർന്നത്. യോഗത്തിൽ പട്ടികവർഗ വികസന വകുപ്പ് ഉദ്യോഗസ്ഥർ പദ്ധതികൾ പുനഃക്രമീകരണം സംബന്ധിച്ച് വിലയിരുത്തൽ നടത്തി.