പാലായിലെ ആർഡിഒ ക്വാർട്ടേഴ്സ് ആക്രിക്കച്ചവടക്കാർ ഇടത്താവളമാക്കി
1441436
Friday, August 2, 2024 10:46 PM IST
പാലാ: കാല് നൂറ്റാണ്ടുമുമ്പു പാലാ ആര്‍ഡിഒയ്ക്ക് താമസിക്കാന്‍ റവന്യുവകുപ്പ് നിര്‍മിച്ച ക്വാര്‍ട്ടേഴ്സ് ആക്രിക്കച്ചവടക്കാര്‍ കൈയടക്കിയ നിലയിൽ. റിവര്‍വ്യൂ റോഡില്‍ ആര്‍വി പാര്ക്കിന് എതിര്‍വശത്ത് ആറ്റുതീരത്തോടു ചേര്‍ന്നാണ് ആര്‍ഡിഒ ക്വാര്‍ട്ടേഴ്സ് സ്ഥിതി ചെയ്യുന്നത്. ആദ്യകാലത്ത് മറ്റു സ്ഥലങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥരായിരുന്നു പാലായില്‍ ആര്ഡിഒമാരായി ചുമതല വഹിച്ചിരുന്നത്. പിന്നീട് തദ്ദേശീയരായ ഉദ്യോഗസ്ഥര്‍ ആര്‍ഡിഒ ഉദ്യോഗസ്ഥരായി വന്നപ്പോള്‍ ക്വാര്‍ട്ടേഴ്സ് ഉപയോഗ ശൂന്യമായി.
കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ക്വാര്‍ട്ടേഴ്സ് അടഞ്ഞുകിടക്കുന്നു. കാടും പടലും കയറി ഇഴജന്തുക്കളുടെ വാസസ്ഥലമായി മാറിയ ഇവിടെ ആക്രികച്ചവടക്കാര്‍ അതിക്രമിച്ചു കയറിയിട്ടും ഒരു നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല.
ആര്‍ഡിഒ ക്വാര്‍ട്ടേഴ്സ് റവന്യുവകുപ്പിനു വേണ്ടെങ്കില്‍ ഏറ്റെടുത്തുകൊള്ളാമെന്നു പാലാ നഗരസഭാ അധികൃതര്‍ സംസ്ഥാന സര്‍ക്കാരിനെയും റവന്യു വകുപ്പിനെയും അറിയിച്ചിട്ടുണ്ട്. പാലാ നഗരസഭാ കൗണ്‍സില്‍ വിഷയത്തിൽ പ്രമേയം പാസാക്കി. ചെയര്മാന് ഷാജു വി. തുരുത്തന് അവതരിപ്പിച്ച പ്രമേയത്തിന് ടൗണ്‍ വാര്‍ഡ് കൗണ്‍സിലര്‍ ബിജി ജോജോ കുടക്കച്ചിറ അനുവാദകയായിരുന്നു.