പെണ്‍കുട്ടിയെ ക്രിമിനല്‍ സംഘം അപമാനിച്ചതിൽ വ്യാപക പ്രതിഷേധം
1425554
Tuesday, May 28, 2024 7:08 AM IST
ചങ്ങനാശേരി: മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിച്ച പെണ്‍കുട്ടിയെ ക്രിമനല്‍ സംഘം അപമാനിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.
വിദ്യാഭ്യാസ സാംസ്കാരിക നഗരമെന്നു വിശേഷിപ്പിക്കുന്ന ചങ്ങനാശേരിയിലാണ് മാതാപിതാക്കള്‍ക്കൊപ്പം നടന്നുപോയ പെണ്‍കുട്ടി അപമാനിക്കപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 8.45ന് കാവാലം ബസാര്‍ ജംഗ്ഷനും ഒന്നാം നമ്പര്‍ ബസ് സ്റ്റാന്ഡിനുമിടയിലുള്ള മുനിസിപ്പല്‍ ആര്‍ക്കേഡിനു മുന്നിലായിരുന്നു നാടിനെ നടുക്കിയ സംഭവം. ഇത്തരം ഒരു സംഭവം ചങ്ങനാശേരിയില്‍ ഇത് ആദ്യമാണ്.
പെണ്‍കുട്ടികള്‍ക്കും സത്രീകള്‍ക്കും സ്വതന്ത്രമായി സഞ്ചരിക്കാനാവാത്ത അവസ്ഥയ്ക്കു വിഘാതം സംഭവച്ചതില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. സംഭവം അറിയിച്ചിട്ടും പോലീസ് എത്താന്‍ വൈകിയതും സുരക്ഷാ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ജാഗ്രതാ നടപടികള്‍ വേണമെന്നാണ് നഗരവാസികള്‍ ആവശ്യപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയത് കൊടും ക്രിമിനലുകളാണെന്നതും ഞെട്ടിക്കുന്ന കാര്യമാണ്.
മുളകുപൊടിയും മാരകായുധങ്ങളുമായി ഏതുസമയവും അക്രമം നടത്താന്‍ തയാറായി നടക്കുന്ന ഇത്തരം സംഘങ്ങളെ അമര്‍ച്ച ചെയ്യുകതന്നെ വേണമെന്നാണ് ചങ്ങനാശേരി ജനത ഒന്നടങ്കം ആവശ്യപ്പെടുന്നത്.
മൂന്നുപേര്‍ റിമാന്‍ഡില്‍
ചങ്ങനാശേരി: മാതാപിതാക്കളോടൊപ്പം നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ അപമാനിക്കുകയും ചോദ്യചെയ്തപ്പോള്‍ മാതാപിതാക്കള്‍ക്ക് നേരേ പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്ത കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി എസ്പുരം കുഞ്ഞന്‍കവല ഭാഗത്ത് ചാലുമാട്ടുതറ അരുണ്‍ ദാസ് (25), ചങ്ങനാശേരി പെരുന്ന ഹിദായത്ത് നഗര്‍ ഭാഗത്ത് നടുതലമുറി പറമ്പില്‍ ബിലാല്‍ മജീദ് (24), ഫാത്തിമപുരം കപ്പിത്താന്‍പടി ഭാഗത്ത് തോട്ടുപറമ്പില്‍ അഫ്സല് സിയാദ് (കുക്കു-22) എന്നിവരെയാണ് ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് പറയുന്നതിങ്ങനെ: ഞായര്‍ രാത്രി 8:45ന് ചങ്ങനാശേരി മുനിസിപ്പല്‍ ആര്‍ക്കേഡിന് മുമ്പിലൂടെ റെയില്‍വേ സ്റ്റേഷന് ഭാഗത്തേക്ക് മാതാപിതാക്കള്‍ക്കൊപ്പം നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ അരുണ്‍ ദാസ് കടന്നുപിടിച്ചു. ഇത് ചോദ്യം ചെയ്ത മാതാപിതാക്കള്‍ക്ക് നേരേ പിന്നാലെവന്ന ബിലാല്‍ പെപ്പര്‍ സ്പ്രേ അടിച്ചു. ബഹളംകേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ അഫ്സല് സിയാദും ഇവര്‍ക്കുനേരേ പെപ്പര്‍ സ്പ്രേ അടിക്കുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് ചങ്ങനാശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അരുണ്‍ ദാസിന് ചിങ്ങവനം പോലീസ് സ്റ്റേഷനിലും ബിലാലിന് ചങ്ങനാശേരി, തൃക്കൊടിത്താനം സ്റ്റേഷനുകളിലും അഫ്സലിന് തൃക്കൊടിത്താനം സ്റ്റേഷനിലും ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.
ചങ്ങനാശേരി സ്റ്റേഷന് എസ്എച്ച്ഒ ബി. വിനോദ് കുമാര്‍, എസ്ഐ മാരായ എം. ജയകൃഷ്ണന്, പി.എം. അജി, എം.കെ. അനില്‍കുമാര്‍, കെ.എന്‍. നൗഷാദ്, സിപിഒമാരായ കുഞ്ചെറിയ, ചാക്കോ, അനില്‍കുമാര്‍, ഡെന്നി ചെറിയാന്, അനില്‍ രാജ്, തോമസ് സ്റ്റാന്‍ലി, അതുല്‍ മുരളി, കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.