ചങ്ങനാശേരി അതിരൂപത ആറ്റുതീരത്ത് വളരുന്ന വൃക്ഷം: ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ.നെറ്റോ
1423948
Tuesday, May 21, 2024 6:25 AM IST
കുറുമ്പനാടം: വിശ്വാസിസമൂഹത്തിന് കൂട്ടായ്മയുടെയും സമുദായബോധത്തിന്റെയും ഉള്‍ക്കാഴ്ചകൾ പകര്‍ന്ന് 138-ാമത് ചങ്ങനാശേരി അതിരൂപതാദിനാചരണം. കുറുമ്പനാടം സെന്റ്് ആന്റണീസ് ഫൊറോന പള്ളി പാരിഷ്ഹാളിലെ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ നഗറില്‍ നടന്ന അതിരൂപതാദിന സമ്മേളനം തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് റവ.ഡോ.തോമസ് ജെ.നെറ്റോ ഉദ്ഘാടനം ചെയ്തു.
സജീവതയുള്ള പ്രാദേശിക സഭയായ ചങ്ങനാശേരി അതിരൂപത ആറ്റുതീരത്ത് വളരുന്ന വൃക്ഷം പോലെയാണെന്നും കാലത്തിന്റെ എല്ലാ ഋതുഭേദങ്ങളിലും വിശ്വാസ പാരമ്പര്യങ്ങളും വിശ്വാസത്തിന്റെ പച്ചപ്പും ഫലസമ്പന്നതയും നിലനിര്‍ത്തി അനുസ്യൂതം വളരുന്ന സഭാസമൂഹമാണെന്നും ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു. ആഴത്തില്‍ വേരുകളൂന്നിയ വൃക്ഷം പ്രതികൂല സാഹചര്യങ്ങളിലും പിടിച്ചുനില്‍ക്കുമെന്നും കേരളത്തിലെ അഞ്ചു ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന അതിരൂപത ആള്‍ബലത്തിലും ആത്മീയതയിലും ശക്തവും സമ്പന്നവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ, ആതുര, ജീവകാരുണ്യ, എക്യുമെനിക്കല്‍ രംഗങ്ങളില്‍ ആരംഭകാലം മുതല്‍ ചങ്ങനാശേരി അതിരൂപത നിര്‍വഹിച്ചുപോരുന്ന സേവനം സഭയ്ക്കും സമൂഹത്തിനും കരുത്താണെന്നും സഭയുടെയും സമൂഹത്തിന്റെയും കാലോചിതമായ വികസനത്തിനും ജീവിതനവീകരണത്തിനുമുതകുന്ന പ്രവര്‍ത്തന ശൈലിയില്‍ ചങ്ങനാശേരി അതിരൂപത മാതൃകയാണെന്നും ആര്‍ച്ച്ബിഷപ് തോമസ് ജെ. നെറ്റോ കൂട്ടിച്ചേര്‍ത്തു. അതിരൂപത നടപ്പാക്കുന്ന ഹോളി ഫാമിലി ഫ്രട്ടേണിറ്റി ലോഗോ പ്രകാശനവും ആര്‍ച്ച്ബിഷപ് നിര്‍വഹിച്ചു.
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ ഗൗരവമായി കണ്ടില്ലെങ്കില്‍ സഭയും സമൂഹവും വലിയ പ്രതിസന്ധികള്‍ നേരിടേണ്ടിവരുമെന്ന് ആര്‍ച്ച്ബിഷപ് ഉദ്ബോധിപ്പിച്ചു. ആത്മീയനിറവില്‍ സജീവമായ ഐക്യവും അച്ചടക്കവും തീക്ഷ്ണതയോടെ കാത്തുസൂക്ഷിച്ച് ഒരുകുടുംബമെന്ന ബോധ്യത്തില്‍ അതിരൂപത മുന്നോട്ടുപോകുകയാണെന്നും മാര്‍ പെരുന്തോട്ടം കൂട്ടിച്ചേര്‍ത്തു.
അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ സ്വാഗതം ആശംസിച്ചു. വിഎസ്എസ്സി പ്രോജക്ട് ഡയറക്ടര്‍ ടോമി ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
അതിരൂപതാദിനത്തില്‍ നല്കുന്ന പരമോന്നത ബഹുമതിയായ എക്സലന്‍സ് അവാര്‍ഡുകള്‍ ആലപ്പുഴ പോപ്പി അംബ്രല്ലാമാര്‍ട്ട് ഉടമ തങ്കമ്മ ബേബി തയ്യിലിന് വേണ്ടി ജനറല്‍മാനേജര്‍ ആന്റണി ഐസക്കും പ്രശസ്ത കൃഷി ശാസ്ത്രജ്ഞന് ചങ്ങനാശേരി ചെറുകര സി.എ.ജോസഫിനുവേണ്ടി അദ്ദേഹത്തിന്റെ പത്നി എത്സമ്മ ജോസഫും മാര്‍ ജോസഫ് പെരുന്തോട്ടത്തില്നിന്നും ഏറ്റുവാങ്ങി. സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ച അതിരൂപതാംഗങ്ങളെയും ആര്‍ച്ച്ബിഷപ് ആദരിച്ചു.
പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ്് സെക്രട്ടറി പ്രഫ. പി. വി. ജെറോം പതാക ഉയര്‍ത്തി. വികാരി ജനറാള്‍ മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍ പ്രാര്‍ഥന നയിച്ചു. വികാരി ജനറാള്‍ മോണ്‍. ജയിംസ് പാലയ്ക്കല്‍ അതിരൂപതാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അതിരൂപത ജീവകാരുണ്യ പ്രവര്‍ത്തന റിപ്പോര്‍ട്ട് വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍ അവതരിപ്പിച്ചു.
ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി, ഷംഷാബാദ് സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത്, അതിരൂപതാ ചാന്‍സലര്‍ റവ. ഡോ. ഐസക് ആലഞ്ചേരി, ജനറല്‍ കോഓർഡിനേറ്റര്‍ ഫാ. ജോണ്‍ വടക്കേക്കളം, ഫൊറോനാ വികാരി റവ. ഡോ. ചെറിയാന് കറുകപ്പറമ്പില്‍, എംഎല്‍എഫ് കോണ്ഗ്രിഗേഷന് മദര്‍ ജനറാള്‍ സിസ്റ്റര്‍ മെര്ലിന് എംഎല്‍എഫ്, പിആര്‍ഒ അഡ്വ. ജോജി ചിറയില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍, യുവദീപ്തി ഡപ്യൂട്ടി പ്രസിഡന്റ്് ലിന്റാ ജോഷി എന്നിവര്‍ പ്രസംഗിച്ചു.
അടുത്ത അതിരൂപതാദിനംചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍
ചങ്ങനാശേരി: 139-ാമത് ചങ്ങനാശേരി അതിരൂപതാദിനം ചങ്ങനാശേരി മെത്രാപ്പോലീത്തന്‍പള്ളിയില്‍ നടത്തും. കുറുമ്പനാടത്ത് നടന്ന 138-ാമത് അതിരൂപതാദിനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തില്നിന്നും മെത്രാപ്പോലീത്തന്‍പള്ളി വികാരി റവ.ഡോ.ജോസ് കൊച്ചുപറമ്പില്‍, കൈക്കാരന്മാര്, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് പതാക ഏറ്റുവാങ്ങി. 2025മേയ് 20നാണ് അടുത്തവര്‍ഷത്തെ അതിരൂപതാദിനം.
സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയുടെ കീഴിലുള്ള പെരുന്ന കിഴക്ക് സെന്റ് ആന്റണീസ് പള്ളിയെയും കരുവാറ്റ സെന്റ് ജോസഫ് പള്ളിയുടെ കീഴിലുള്ള കുമാരപുരം സെന്റ്് മേരീസ് കുരിശുപള്ളിയെയും അതിര്‍ത്തി തിരിഞ്ഞ കുരിശുപള്ളികളായി മാര്‍ പെരുന്തോട്ടം പ്രഖ്യാപിച്ചു. അതിരൂപതയുടെ പുതിയ നിയമാവലിയും ആര്‍ച്ച് ബിഷപ് പ്രകാശനം ചെയ്തു.
ബെന്നി ചിറയില്‍