സ്കൂള്‍ വിപണി ഉണര്‍ന്നു; കൈപൊള്ളും വിലക്കയറ്റവും
1423636
Sunday, May 19, 2024 11:44 PM IST
കോട്ടയം: വേനലവധി കഴിഞ്ഞു സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്കൂള്‍ വിപണികളും ഉണര്‍ന്നു.
ബാഗുകളില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ തന്നെയാണ് ഇത്തവണയും താരം. വ്യത്യസ്തതരം ബോക്സും വാട്ടര്‍ ബോട്ടിലും പേനയും പെന്‍സിലും അടങ്ങുന്ന ഒരു നീണ്ടനിരതന്നെ ഇത്തവണയും വിപണിയിലുണ്ട്. വിവിധ തരത്തിലുള്ള ബാഗുകള്‍ക്ക് 600 രൂപ മുതലാണ് വില. ബ്രാന്റുകള്‍ മാറുന്നതിനനുസരിച്ച് ബാഗുകള്‍ക്ക് രണ്ടായിരത്തിന് മുകളിലെത്തും. കുടകള്‍ക്ക് 280 മുതല്‍ 800 രൂപ വരെയാണ് വില. വിവിധ നിറത്തിലുള്ളതും ചിത്രങ്ങള്‍ വരച്ചതുമായ കുടകള്‍ക്കും പ്രിയം ഏറെയാണ്. ചെറിയ കാലന് കുടയ്ക്കും ഇഷ്ടക്കാരുണ്ട്. അതേസമയം, ആളുകള്‍ കൂടുതലായി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്നത് ചെറുകിട കച്ചവടക്കാര്‍ക്ക് ഭീഷണിയാകുന്നുണ്ട്.
പഴയകാല ട്രെന്‍ഡ് ആയിരുന്ന സ്കൂബി ഡേ മുതല്‍ വിവിധ ബ്രാന്‍ഡുകള്‍ ഇന്നും ലഭ്യമാണെങ്കിലും പുതിയ ഫാഷനോടാണ് കുട്ടികള്‍ക്ക് പ്രിയം. കുട മുതല്‍ കല്ലുപെന്സിലിനു വരെ വില കൂടുന്നതല്ലാതെ കുറവൊന്നുമില്ല. ഒരു കുട്ടിക്കും കഴിഞ്ഞ വര്‍ഷം ഉപയോഗിച്ച സാമഗ്രികളൊന്നും വേണ്ട. ബാഗ്, ടിഫിന്‍ ബോക്സ്, വാട്ടര്‍ ബോട്ടില്‍, പേന, പെന്‍സില്‍ തുടങ്ങി എല്ലാം പുത്തന്‍ വേണം. മുന്തിയ ഇനം ബ്രാന്‍ഡുകള്‍ക്കെല്ലാം തീവിലയാണ്. ഒരു കുട്ടിയെ സ്കൂളില്‍ അയയ് ക്കുകയെന്നത് സാധാരണക്കാര്‍ക്ക് ഭാരിച്ച ചെലവുതന്നെയാണ്. ബുക്കും ബാഗുമുള്‍പ്പെടെ ഒരു കുട്ടിക്ക് മൂവായിരത്തിലധികം രൂപവരും. യൂണിഫോം, പുസ്തകങ്ങള്‍, പാദരക്ഷ തുടങ്ങി വേറെയും ചെലവുകള്‍.
ആശ്വാസമേകി സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍
പുത്തന്‍ അധ്യയന വര്‍ഷത്തില്‍ ഒരുങ്ങാന്‍ തയാറെടുക്കുന്ന രക്ഷിതാക്കള്‍ക്ക് ആശ്വാസമാകുകയാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്റ്റുഡന്റ് മാര്‍ക്കറ്റ്.
വിദ്യാര്‍ഥികള്‍ക്ക് വിലക്കുറവില്‍ നോട്ടുബുക്കുകളും പഠനോപകരണങ്ങളും ഇവിടെ ലഭിക്കും. ഏപ്രില്‍ 15 മുതല്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ജൂണ്‍ 15 വരെ ഏറ്റുമാനൂര്‍, കഞ്ഞിക്കുഴി, ചങ്ങനാശേരി, ഈരാറ്റുപേട്ട, തീക്കോയി, കുറിച്ചി, ചെങ്ങളം, പൂഞ്ഞാര്‍, പനച്ചിക്കാട്, അയര്‍ക്കുന്നം എന്നിവിടങ്ങളിലായി 10 ത്രിവേണി കേന്ദ്രങ്ങളിലാണ് സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.
പൊതുവിപണിയില്‍ ലഭിക്കുന്നതിനേക്കാള്‍ 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവിലാണ് നോട്ടുബുക്കുകളും കുടകളും ബാഗുകളും മറ്റും ലഭിക്കുക. കൂടാതെ സ്കൂള്‍ കോ ഓപ്പറേറ്റീവ് സംഘങ്ങള്‍ക്കും സ്വകാര്യ പാര്‍ട്ടികള്‍ക്കും പ്രത്യേക നിരക്കില്‍ ഇവര്‍ സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്നുണ്ട്. സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ 21 മാര്‍ക്കറ്റുകളുമുണ്ട്.