നഗരമധ്യത്തിൽ കുപ്പത്തൊട്ടി
1420963
Monday, May 6, 2024 6:53 AM IST
ഏറ്റുമാനൂർ: നഗരസഭാ കാര്യാലയത്തിന്റെ മൂക്കിനു താഴെ നഗരസഭ വക സ്ഥലത്ത് നഗരസഭ തന്നെ രൂപപ്പെടുത്തിയ കുപ്പത്തൊട്ടി. സമ്പൂർണ മാലിന്യ മുക്ത നിയോജക മണ്ഡലമാക്കാനുള്ള തീവ്രയത്നം നടത്തി വെറും ആറു മാസം പിന്നിടുമ്പോഴാണ് നഗരസഭ വക സ്ഥലത്ത് മാലിന്യക്കൂമ്പാരം.
മുമ്പ് മുനിസിപ്പൽ ബസ് സ്റ്റാൻഡിലേക്ക് ബസുകൾ പ്രവേശിച്ചിരുന്ന വഴി ഉൾപ്പെടെയുള്ള 60 സെന്റോളം സ്ഥലം മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സ് നിർമിക്കുന്നതിനു വേണ്ടി അടച്ചുകെട്ടിയിരുന്നു. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ മൂലം ഷോപ്പിംഗ് കോംപ്ലക്സിന്റെ നിർമാണം സ്തംഭിച്ചു.
വർഷങ്ങളായി വെറുതെ കിടക്കുന്ന ഈ സ്ഥലം കാടുകയറിയ നിലയിലായിരുന്നു. ഈ സ്ഥലത്ത് നഗരസഭ ശേഖരിക്കുന്ന പ്ലാസ്റ്റിക്, ഖര മാലിന്യങ്ങൾ വൻതോതിൽ തള്ളിയത് വിവാദമായിരുന്നു. ദീപിക ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ വാർത്ത വന്നതിനെത്തുടർന്ന് കാട് വെട്ടിത്തെളിച്ചു.
എന്നാൽ, ഇവിടെ വൻതോതിലുള്ള മാലിന്യ നിക്ഷേപം തുടരുകയാണ്. പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത വിധം ഇങ്ങനെ മാലിന്യ നിക്ഷേപം നടത്തുന്നത് നഗരസഭയ്ക്ക് കളങ്കമാകുകയാണ്. എത്രയും വേഗം മാലിന്യങ്ങൾ ഇവിടെനിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണ്.