പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് 25 വരെ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ തപാല്‍ വോട്ടിംഗ്
1417194
Thursday, April 18, 2024 6:55 AM IST
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ഡ്യൂട്ടിക്കു നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കു വോട്ടു ചെയ്യാന്‍ പരിശീലനകേന്ദ്രങ്ങളിലെ ഫെസിലിറ്റേഷന്‍ കേന്ദ്രത്തില്‍ 25വരെ സൗകര്യം. പോളിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട പരിശീലനം ഈ കേന്ദ്രങ്ങളില്‍ ഇന്നുമുതല്‍ 20 വരെ തീയതികളില്‍ നടക്കും.
ഈ തീയതികളില്‍ വോട്ട് ചെയ്യാനാവാത്തവര്‍ക്ക് 25 വരെ നിയോജകമണ്ഡലങ്ങളിലെ പരിശീലനകേന്ദ്രങ്ങളിലുള്ള ഫെസിലിറ്റേഷന്‍ കേന്ദ്രം വഴി തപാല്‍ വോട്ട് ചെയ്യാം. തപാല്‍വോട്ടിനായി ഫോറം പന്ത്രണ്ടില്‍ അപേക്ഷ നല്കിയ മറ്റു ലോക്സഭാ മണ്ഡലങ്ങളില്‍ വോട്ടുള്ള ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളിലാണ് തപാല്‍ വോട്ട്. ഫോം 12ല്‍ അപേക്ഷ നല്കാന് നാളെ വരെ സമയമനുവദിച്ചിട്ടുണ്ട്.
എല്ലാ നിയമസഭാ നിയോജകമണ്ഡലങ്ങളിലുമുള്ള പരിശീലനകേന്ദ്രങ്ങളില്‍ പ്രത്യേക പോളിംഗ് ബൂത്തുകള്‍ ഒരുക്കിയാണ് ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്.
രാവിലെ 10 മുതല്‍ അഞ്ചു വരെ വോട്ട് ചെയ്യാം. തെരഞ്ഞെടുപ്പു കമ്മീഷന് അംഗീകരിച്ചിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. 12എ പ്രകാരം തപാല്‍ വോട്ടിന് അപേക്ഷ നല്കിയ കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ വോട്ടുള്ള ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇലക്ഷന് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് (ഇഡിസി) ഈ ദിവസങ്ങളില്‍ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും.
ഇഡിസി ലഭിക്കുന്നവര്‍ക്കു വോട്ടെടുപ്പ് ദിവസമായ 26ന് ഡ്യൂട്ടിയുള്ള ബൂത്തിലോ സൗകര്യപ്രദമായ ബൂത്തിലോ വോട്ട് രേഖപ്പെടുത്താം. ഇഡിസി ലഭിക്കുന്നതിനുള്ള 12 എ അപേക്ഷ 22 വരെ സമര്‍പ്പിക്കാമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി അറിയിച്ചു.
പോളിംഗ് ഡ്യൂട്ടിയില്ലാത്ത പോലീസ് ഉദ്യോസ്ഥരടക്കമുള്ള മറ്റു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഡ്രൈവര്‍, വീഡിയോഗ്രഫര്‍ തുടങ്ങിയ അനുബന്ധ ഉദ്യോഗസ്ഥർക്കും 23, 24, 25 തീയതികളില്‍ കോട്ടയം ബസേലിയേസ് കോളജില്‍ സജ്ജമാക്കുന്ന കേന്ദ്രീകൃത തപാല്‍ ബാലറ്റ് കേന്ദ്രത്തില്‍ വോട്ടു ചെയ്യാം.
ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ വോട്ടുചെയ്ത ബാലറ്റുകള്‍ അതാതുദിവസം തന്നെ ബന്ധപ്പെട്ട ഉപവരണാധികാരികള്‍ക്കു കൈമാറും. ഉപവരണാധികാരികള്‍ കൈമാറുന്ന ബാലറ്റ് പെട്ടി വരണാധികാരി സ്ട്രോംഗ് റൂമില്‍ സൂക്ഷിക്കും.