മെഡിക്കൽ കോളജ് ഭൂഗർഭ പാത നിർമാണം അതിവേഗത്തിൽ
1416438
Sunday, April 14, 2024 6:51 AM IST
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും സന്ദർശകർക്കും ജീവനക്കാർക്കും അപകടരഹിതമായി റോഡ് മുറിച്ചുകടക്കുന്നതിനുള്ള ഭൂഗർഭപാതയുടെ നിർമാണം അതിവേഗത്തിൽ പുരോഗമിക്കുന്നു.
നിർമാണത്തിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച ബസ് സ്റ്റാൻഡിന്റെ അരികിൽനിന്നിരുന്ന 40 വർഷം പഴക്കമുള്ള വൃക്ഷം വെട്ടിക്കളയുകയും തുടർന്ന് കഴിഞ്ഞദിവസം മെഡിക്കൽ കോളജ് കോമ്പൗണ്ടിലെ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുകയും ചെയ്തിരുന്നു.
മെഡിക്കൽ പിഎംആർ കെട്ടിടത്തിൽനിന്നു ബസ് സ്റ്റാൻഡിന്റെ അരികിലേക്കുള്ള പാത നിർമാണത്തിന് റോഡ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ആഴത്തിൽ കുഴിക്കുന്ന ജോലി രണ്ടു ദിവസത്തിനുള്ളിൽ പൂർത്തികരിക്കുവാനുള്ള ശ്രമത്തിലാണ് കരാറുകാരൻ. മണ്ണ് നീക്കം ചെയ്താൽ പിന്നീടുള്ള ജോലി പെട്ടെന്ന് പൂർത്തികരിക്കുവാൻ കഴിയും.
കഴിഞ്ഞ മാർച്ച് ഒന്പതിനാരംഭിച്ച നിർമാണം ആറു മാസത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും മേയ് മാസം പകുതിയോടെ നിർമാണം പൂർത്തീകരിക്കുവാൻ കഴിയുമെന്ന് കരാറുകാരായ പാലത്ര കൺസ്ട്രക്ഷൻസ് അധികൃതർ പറയുന്നു.
രോഗികളും സന്ദർശകരും ജീവനക്കാരും അടക്കം ദിവസേന പതിനായിരത്തോളം പേരെത്തുന്ന കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അപകടരഹിതമായ സഞ്ചാരമൊരുക്കുന്നതിനാണ് 1.30 കോടി രൂപ ചെലവഴിച്ച് ഭൂഗർഭപാത നിർമിക്കുന്നത്.
അത്യാഹിത വിഭാഗത്തിലേക്കുള്ള പ്രവേശനകവാടത്തിനരികെ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ മന്ദിരത്തിനു സമീപത്തുനിന്ന് ആരംഭിച്ചു മെഡിക്കൽ കോളജ് ബൈപാസ് റോഡ് കുറുകെ കടന്ന് ബസ് സ്റ്റാൻഡിന്റെ പ്രവേശനകവാടത്തിനു സമീപം അവസാനിക്കുന്ന രീതിയിലാണ് പാത രൂപകൽപന ചെയ്തിട്ടുള്ളത്.
18.576 മീറ്ററാണ് ഭൂഗർഭപാതയുടെ ആകെ നീളം. അഞ്ചുമീറ്റർ വീതിയും 3.5 മീറ്റർ ഉയരവുമുള്ള പാതയിൽ വെളിച്ചസംവിധാനങ്ങളും രോഗികൾക്കു ബുദ്ധിമുട്ട് ഉണ്ടാകുന്നപക്ഷം വിശ്രമിക്കുന്നതിനുള്ള ഇരിപ്പിടങ്ങളും സജ്ജീകരിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്