പാലാ രൂപത കുടുംബങ്ങളിലേക്ക് നാനൂറ് അംഗ പ്രേഷിത ടീം
1416278
Sunday, April 14, 2024 4:37 AM IST
പാലാ: പാലാ രൂപത പ്ലാറ്റിനം ജൂബിലിക്കൊരുക്കമായുള്ള ഇന്റന്‍സീവ് ഹോം മിഷന്റെ രണ്ടു ബാച്ചുകളുടെയും പരിശീലന പദ്ധതി ഇന്ന് സമാപിക്കും. കുടുംബങ്ങളുടെ നവീകരണത്തിനായി പാലാ രൂപത ആവിഷ്കരിക്കുന്ന ഹോം മിഷന് പദ്ധതിയിലൂടെ രൂപതയിലെ 70,000 കുടുംബങ്ങളിലേക്കും സിസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തിയാണ് പദ്ധതി നടപ്പിലാക്കുക. ഇതിനായി രൂപതയിലെ വിവിധ സന്യാസിനി സമൂഹങ്ങളില്‍ നിന്നായി നാനൂറ് സിസ്റ്റർമാർ തയാറായിക്കഴിഞ്ഞു.
അല്ഫോന്സിയന് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ആദ്യ ബാച്ച് പരിശീലന പദ്ധതിയില്‍ 134 സിസ്റ്റേഴ്സും സെന്റ് തോമസ് കോളജ് ക്യാമ്പസിലുള്ള മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ ഹാളില്‍ നടന്ന രണ്ടാം ബാച്ച് പരിശീലനത്തില്‍ 172 സിസ്റ്റേഴ്സും ഇരിങ്ങാലക്കുട ഐഎഫ്ഡിപിയില് 94 സിസ്റ്റേഴ്സും പരിശീലനത്തില്‍ പങ്കെടുത്തു.
കുടുംബ പ്രേഷിതത്വം മുഖ്യ ഉത്തരവാദിത്വമായി സ്വീകരിക്കുന്ന ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തിലാണ് പരിശീലന പദ്ധതി നടപ്പിലാക്കുക. ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലായി രൂപതയിലെ 171 ഇടവകകളിലെ കുടുംബങ്ങളിലേക്കും പരിശീലനം പൂര്‍ത്തിയാക്കിയ സിസ്റ്റേഴ്സ് എത്തിച്ചേരും.
ഹോളി ഫാമിലി കോണ്‍ഗ്രിഗേഷനിലെ ഇരിങ്ങാലക്കുട, ഡല്‍ഹി പ്രോവിന്സിലെ 46 സിസ്റ്റേഴ്സും പാലാ രൂപതയിലെ വിവിധ സന്യാസിനി സമൂഹങ്ങളായ സിഎംസി ജയമാതാ പ്രോവിന്‍സ്, ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് പാലാ പ്രോവിന്‍സ്, ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് ഭരണങ്ങാനം പ്രോവിന്‍സ്, ആരാധനാ സന്യാസിനി സമൂഹം, തിരുഹൃദയ സന്യാസിനി സമൂഹം, ഡോട്ടേഴ്സ് ഓഫ് സെന്റ് തോമസ്, സ്നേഹഗിരി സന്യാസിനി സമൂഹം, സെന്റ് മര്‍ത്താസ് കോണ്ഗ്രിഗേഷന്, ലിറ്റില്‍ അപ്പോസല്‍സ് ഓഫ് റിഡംഷന്‍ കോണ്ഗ്രിഗേഷന്, അപ്പസ്തോലിക് ഒബ്ലേറ്റ്സ്, മിഷനറി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്, ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്സ് ഓഫ് ഹോളി അനന്‍സിയേഷന്‍ എന്നിവയിലെ 334 സിസ്റ്റേഴ്സുമാണ് കര്‍മ്മമേഖലയിലേക്ക് ഇറങ്ങുക.
ഹോളി ഫാമിലി പാവനാത്മ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ട്രീസാ ജോസ്, വികാര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ഡോ. ഉദയാ ഗ്രേസ്, ഐഎഫ്ഡിഎഫ് ഡയറക്ടര്‍ ഡോ. ഡെല്‍സി പുറത്തൂര്‍, ഫാമിലി കൗണ്‍സിലര്‍ സിസ്റ്റര്‍ നിസ്സാ വര്‍ഗീസ്, സിസ്റ്റര്‍ വിനയ തെരേസ്, സിസ്റ്റര്‍ എല്‍സി കോക്കാട്ട്, സിസ്റ്റര്‍ ജനവീവ് തെരേസ്, എഫ്എടിആര്ഐ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷെറിന് മരിയ തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്കി.
ഇന്ന് ഉച്ചകഴിഞ്ഞ് മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ ഹാളില്‍ നടക്കുന്ന സമാപനസമ്മേളനം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. ഇന്റന്‍സീവ് ഹോം മിഷന്റെ പൊതുഉത്തരവാദിത്വം നിര്‍വഹിക്കുന്ന പാലാ രൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. ഐഎഫ്ഡിഎഫ് ഡയറക്ടര്‍ ഡോ. ഡെല്‍സി പുറത്തൂര്‍, പാലാ രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് നരിതൂക്കില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.