ഖേലോ ഇന്ത്യ ഗെയിംസിൽ തിളങ്ങി മനൂപ്
1396708
Friday, March 1, 2024 11:19 PM IST
കാഞ്ഞിരപ്പള്ളി: ഗുവാഹത്തിയിൽ നടന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് അത്ലറ്റിക്സിൽ ഒരു സ്വർണവും ഒരു വെള്ളിയും സ്വന്തമാക്കി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് വിദ്യാർഥി എം. മനൂപ്. പുരുഷവിഭാഗം 4 x 400 മീറ്റർ റിലേയിൽ സ്വർണ മെഡൽ നേടിയ മഹാത്മാഗാന്ധി സർവകലാശാല ടീമംഗമാണ് മനൂപ്. 400 മീറ്റർ ഹർഡിൽസിൽ വെള്ളിയും മനൂപ് നേടി.
ചെന്നൈയിൽ നടന്ന അഖിലേന്ത്യാ അന്തർ സർവകലാശാലാ മത്സരത്തിൽ 4 x 400 മീറ്റർ റിലേയിൽ സ്വർണ മെഡൽ നേടിയ എംജി സർവകലാശാലാ ടീമിലും അംഗമായിരുന്നു. എംജി സർവകലാശാല മീറ്റിൽ 400 മീറ്റർ ഹർഡിൽസിൽ സ്വർണമെഡൽ ജേതാവായിരുന്നു.
കായികവിഭാഗം മേധാവി പ്രവീൺ തര്യൻ, സ്പോർട്സ് കൗൺസിൽ പരിശീലകൻ ജൂലിയസ് ജെ. മനയാനി എന്നിവരുടെ കീഴിലാണ് പരിശീലനം. മൂന്നാം വർഷ ബിരുദ വിദ്യാർഥിയായ മനൂപ് പാലക്കാട് വടവന്നൂർ കോരതപറമ്പ് മുരളീധരൻ-ഷീബ ദമ്പതികളുടെ മകനാണ്.