ജനറൽ ആശുപത്രിപ്പടിയിൽ മേൽപ്പാലം: ഹൈക്കോടതിയിൽ ഹർജി
1396686
Friday, March 1, 2024 10:28 PM IST
കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിപ്പടിയിൽ ദേശീയപാതയ്ക്കു മീതെ മേൽപ്പാലം നിർമിക്കണമെന്നും ആശുപത്രിപ്പടി മുതൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് പടിവരെ ദേശീയപാതയോരത്ത് ഓട നിർമിക്കണമെന്നും ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി. പുഴ ഫൗണ്ടേഷൻ ചെയർമാൻ ജിജി ളാനിത്തോട്ടമാണ് കോടതിയെ സമീപിച്ചത്.
ഹർജി പരിഗണിച്ച കോടതി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് നിർദേശിച്ച് ദേശീയപാതാ വിഭാഗം റീജണൽ ഡയറക്ടർക്കു പരാതിയുടെ പകർപ്പു കൈമാറി.
ജനത്തിന്റെ
വിഷമം കാണണം
ദിവസവും ആയിരക്കണക്കിന് ആളുകളാണ് കുന്നുംഭാഗത്ത് സ്ഥിതി ചെയ്യുന്ന ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്. ദിവസവും ആയിരക്കണക്കിനു വാഹനങ്ങളാണ് ഇടമുറിയാതെ ആശുപത്രിപ്പടി വഴി കടന്നുപോകുന്നത്.
ആശുപത്രിയിലേക്കു കൂടുതൽ ആളുകളും ബസുകളിലാണു എത്തുന്നത്. കിഴക്കുഭാഗത്തുനിന്ന് എത്തി ഇവിടെ ബസ് ഇറങ്ങുന്നവർ റോഡിനു മറുവശത്തേക്ക് കടന്നുവേണം ആശുപത്രിയിലേക്ക് പ്രവേശിക്കാൻ. കൂടാതെ ആശുപത്രിയിൽ ലഭ്യമല്ലാത്ത മരുന്നുകൾ വാങ്ങുന്നതിനും ലബോറട്ടറികൾ, എക്സ്റേ, സ്കാനിംഗ് സ്ഥാപനങ്ങൾ, ഹോട്ടലുകൾ തുടങ്ങി ആശുപത്രിക്ക് എതിർവശത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്കു പോകുന്നതിനും റോഡിനു മറുവശത്ത് എത്തണം. ഗർഭിണികൾ, കൈക്കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാർ, വികലാംഗർ, വൃദ്ധർ, കാഴ്ച പരിമിതിയുള്ളവർ, വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കു തിരക്കേറിയ റോഡിനു മറുവശം കടക്കുന്നത് പ്രയാസകരമാണ്. അത്യാവശ്യ മരുന്നുകൾ വാങ്ങാൻ പോകുന്നവർ ചില സമയങ്ങളിൽ ഏറെനേരം കാത്തു നിൽക്കേണ്ടിയും വരും. പാതയിലെ സീബ്രാലൈൻ മാത്രമാണ് ആശ്രയം.
പാതയുടെ ഒരു വശത്തേക്ക് ഇറക്കവുമുള്ള ഇവിടെ വാഹനങ്ങൾ അമിത വേഗത്തിലെത്തുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. ആശുപത്രിക്ക് സമീപങ്ങളിലായി പ്രവർത്തിക്കുന്ന ഗവൺമെന്റ് ഹൈസ്കൂളിലെയും സിബിഎസ്ഇ സ്കൂളിലെയും വിദ്യാർഥികളും അധ്യാപകരും ആശുപത്രിപ്പടിയിലെ ബസ് സ്റ്റോപ്പിലെത്തിയാണു സ്കൂളുകളിലേക്കു പോകുന്നതും തിരികെ പോകുന്നതും.
ഇവിടെ കാൽനട യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആശുപത്രിവളപ്പിൽനിന്നു പാതയോരത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തിനു മുകളിലൂടെ മേൽപ്പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്. മഴ പെയ്യുമ്പോൾ ആശുപത്രിപ്പടി മുതൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ്പടി വരെ റോഡിലൂടെ വെള്ളമൊഴുകുന്നത് ഒഴിവാക്കാൻ ഇവിടെ പാതയോരത്ത് ഓട നിർമിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.