സ്വപ്നസാഫല്യമായി; വടുതലപ്പടി നിവാസികളുടെ വീട്ടുമുറ്റത്ത് വാഹനമെത്തും
1396504
Thursday, February 29, 2024 11:26 PM IST
കിടങ്ങൂര്‍: കിടങ്ങൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ വടുതലപ്പടി ഭാഗത്ത് പാടശേഖരത്തിനു സമീപം കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികമായി താമസിച്ചുവരുന്ന പന്ത്രണ്ടു കുടുംബങ്ങളുടെ ചിരകാലസ്വപ്നമായ വീട്ടുമുറ്റത്ത് വാഹനമെത്തുകയെന്നത് യാഥാര്‍ഥ്യമായി. വേനല്‍ക്കാലത്തും മഴക്കാലത്തും ദുരിതപൂര്‍ണമായിരുന്നു വടുതലപ്പടി നിവാസികളുടെ ജീവിതം. ഇരുനൂറു മീറ്ററോളം പാടശേഖരത്തിലെ ഒറ്റയടിപാതയായിരുന്നു ഇവരുടെ ഏക ആശ്രയം.
ഒരു വര്‍ഷം മുമ്പാണ് ഈ ഭാഗത്തേക്ക് താത്കാലികമായി റോഡ് വെട്ടിത്തുറന്നത്. ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കലിന്റെയും ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ഡോ. മേഴ്സി ജോണിന്റെയും ഗ്രാമപഞ്ചായത്ത് മെംബര്‍ സിബി സിബിയുടെയും നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനത്തിലൂടെയാണ് ഈ ഭാഗത്തേക്ക് റോഡ് വെട്ടിത്തുറന്നത്. എന്നാല്‍ പാടശേഖരത്തിലൂടെ നിര്‍മിച്ച റോഡിലൂടെ വാഹനം വീടുകളില്‍ എത്തുമായിരുന്നില്ല. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ അനുവദിച്ച പത്തു ലക്ഷം രൂപ ഉപയോഗിച്ചു നടത്തിയ പ്രവൃത്തികളിലൂടെയാണ് വടുതലപ്പടി നിവാസികളുടെ വീട്ടില്‍ വാഹനമെത്തുന്നതിനുള്ള സാഹചര്യം ഉണ്ടായത്. 200 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് സംരക്ഷണഭിത്തി നിര്‍മിക്കുകയും റോഡ് മണ്ണിട്ട് ഉയര്‍ത്തുകയും തുടക്കഭാഗം റോഡ് കോണ്‍ക്രീറ്റിംഗ് നടത്തുകയും ചെയ്തു.
റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു.